സ്വന്തം ലേഖകന്മാർ
തൃപ്രയാർ: ആവേശക്കടലിലെ ആഘോഷത്തിരമാലകൾ അലയടിച്ചുയർന്ന തൃപ്രയാറിലേക്ക് നിറപുഞ്ചിരിയോടെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എത്തി. രാഹുലിനെ ഒരുനോക്കു കാണാൻ രാവിലെ മുതൽതന്നെ റോഡിന്റെ ഇരുവശവും ആൾക്കൂട്ടം കാത്തുനിന്നിരുന്നു.
രാമനിലയത്തിൽനിന്ന് പത്തുമണിയോടെയാണ് രാഹുൽ തൃപ്രയാറിലേക്ക് യാത്രതിരിച്ചത്. അപ്പോഴേക്കും ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റ് നടക്കുന്ന തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയവും പരിസരവും കോണ്ഗ്രസ് പ്രവർത്തകരെക്കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു.
ചരിത്രസ്മൃതികളുറങ്ങുന്ന മണപ്പുറത്തിന്റെ മണ്ണിൽ രാഹുലിന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വഴിനീളെ കൊടിതോരണങ്ങളും രാഹുലിന് സ്വാഗതമോതിക്കൊണ്ടുള്ള ബാനറുകളും നിറച്ചിരുന്നു. രാമനിലയത്തിൽ നിന്ന് തൃപ്രയാറിലേക്ക് വരുംവഴി തന്നെ കാത്തുനിന്ന പ്രവർത്തകരോടെല്ലാം കൈവീശി അഭിവാദ്യമർപ്പിച്ചാണ് രാഹുൽ സ്റ്റേഡിയത്തിലേക്കെത്തിയത്. രാഹുൽ കൈവീശികാണിച്ചതോടെ ആൾക്കൂട്ടവും ആരവങ്ങൾ ഉയർത്തി.
തൃശൂരിൽനിന്ന് പാട്ടുരായ്ക്കൽ പൂങ്കുന്നം മേൽപ്പാലം വഴി പടിഞ്ഞാറേ കോട്ടയിലൂടെ വന്ന് കാഞ്ഞാണി – വാടാനപ്പള്ളി വഴിയാണ് തൃപ്രയാറിലേക്ക് രാഹുൽ ഗാന്ധി കാർ മാർഗമെത്തിയത്. ഈ സമയം ഇതുവഴി ഗതാഗതവും പോലീസ് നിയന്ത്രിച്ചിരുന്നു. രാവിലെ ആറു മുതൽ തൃശൂർ കാഞ്ഞാണി – വാടാനപ്പള്ളി റോഡിലെ മിക്ക സ്ഥലങ്ങളിലും പോലീസ് കാവലുണ്ടായിരുന്നു.
രാഹുലിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റു വാഹനങ്ങൾ നിയന്ത്രിച്ചു.രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് തൃപ്രയാറിൽ സംഘടിപ്പിച്ചിരുന്നത്. യോഗം നടക്കുന്ന സ്റ്റേഡിയവും പരിസരവും സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു. പ്രവേശന പാസ്സില്ലാത്ത ആരേയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
രാഹൂൽ ബലൂണുകൾ കൗതുകമായി
തൃപ്രയാർ: ദേശീയ മത്സ്യതൊഴിലാളി പാർലമെൻറ് പ്രമാണിച്ച് വഴിവാണിഭക്കാർ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബലൂണുകൾ വിൽപ്പനക്കെത്തിച്ചത് കൗതുകമായി. ടി എസ് ജി എ സ്റ്റേഡിയത്തിലേക്കുള്ള വഴിയിലായിരുന്നു രാഹുൽ ബലൂണുകളുടെ വില്പന.
ആദ്യമെത്തിയത് സുധീരൻ
തൃപ്രയാർ: ദേശീയ മത്സ്യത്തൊഴിലാളി പാർലമെൻറിൽ ആദ്യമെത്തിയ നേതാക്കളിൽ പ്രമുഖൻ വി.എം.സുധീരൻ. സുധീരനോടൊപ്പം അനിൽ അക്കര എംഎൽഎയും ഉണ്ടായിരുന്നു. മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, എം.ലിജു, ജോസഫ് ചാലിശേരി ഉൾപ്പടെ നിരവധി നേതാക്കൾ പിന്നാലെയെത്തി.
സ്റ്റേഡിയം ഹൗസ് ഫുൾ
തൃപ്രയാർ: നിറഞ്ഞ സദസായിരുന്നു ടിഎസ്ജിഎ സ്റ്റേഡിയത്തിൽ കോണ്ഗ്രസ് അധ്യക്ഷനെ കാത്തിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 543 മത്സ്യത്തൊഴിലാളി കോണ്ഗ്രസ് പ്രതിനിധികളാണ് ദേശീയ മത്സ്യത്തൊഴിലാളി പാർലമെൻറിൽ പങ്കെടുത്തത്. 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളി പ്രതിധികളുമുണ്ടായിരുന്നു.
പാർലമെൻറിന്റെ ആദ്യത്തെ രണ്ട് നിരയിൽ അതാത് സംസ്ഥാനങ്ങളിലെ സംസ്ഥാന ഭാരവാഹികളായിരുന്നു. ത്രിവർണ ഷാളണിഞ്ഞ പ്രതിനിധികൾ രാവിലെ എട്ടു മുതൽ ടി എസ് ജി എ സ്റ്റേഡിയത്തിലെത്തിയിരുന്നു. സ്റ്റേഡിയത്തിലെ നാലു ഗാലറികളിലായിരുന്നു സന്ദർശകർക്ക് പ്രവേശനം. 2500 പേർ ഗാലറിയിലിരുന്നിരുന്നു. രാവിലെ 9 മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിർത്തിവച്ചു.