ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലിന് നാണക്കേടിന്റെ റിക്കാർഡ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ ഗ്ലൗവിൽ തട്ടി വിക്കറ്റ് തെറിച്ചായിരുന്നു രാഹുൽ പുറത്തായത്. കഴിഞ്ഞ 11 ഇന്നിംഗ്സുകളിൽ രാഹുൽ കുറ്റി തെറിച്ച് പുറത്താകുന്നത് ഇത് ഏഴാം തവണയാണ്.
ഇതോടെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഏറ്റവും കൂടുതൽ തവണ ബൗൾഡായ ഇന്ത്യൻ ഓപ്പണർമാരിൽ രാഹുൽ ഗാവസ്ക്കറിനൊപ്പമെത്തി. മൂന്നു തവണയാണ് ഇരുവരും രണ്ട് ഇന്നിംഗ്സിലും ബൗൾഡായിട്ടുള്ളത്. ഗാവസ്ക്കർ 125 ടെസ്റ്റുകളിൽനിന്നാണ് ഈ റിക്കാർഡ് സ്വന്തമാക്കിയതെങ്കിൽ രാഹുൽ വെറും 33 ടെസ്റ്റുകളിൽനിന്നാണ്.
രാഹുലിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനവും കളിയാക്കലുമാണ് ഉയർന്നത്. രാഹുൽ ദ്രാവിഡിനുപോലും വിരമിക്കൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചില്ല. ഇന്ന് ലോകേഷ് രാഹുലിന് അതു ലഭിച്ചു. ഗുഡ് ബൈ രാഹുൽ, ഇനി ഇൻസ്റ്റഗ്രാമിൽ കാണാം എന്നിങ്ങനെയായിരുന്നു സമൂഹമാധ്യമങ്ങളിൽവന്ന കളിയാക്കലുകൾ.