കോട്ടയം: ഉഴവൂർ അരീക്കര ആറുകാക്കൽ വീട്ടിലെ ഏലിയാക്കുട്ടി(86)യ്ക്കും അന്നമ്മ (73)യ്ക്കും രാഹുൽ ഗാന്ധിയെ അടുത്തുകണ്ടു സംസാരിച്ചതിന്റെ സന്തോഷം തീർന്നിട്ടില്ല.
ഉഴവൂരിൽനിന്നു കൂത്താട്ടുകുളത്തിനുള്ള റോഡ് ഷോയിൽ അരീക്കര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനുസമീപം റോഡരുകിൽനിന്ന ഇരുവരെയും കണ്ട് പത്തു മീറ്റർ കാർ പിന്നോട്ടെടുത്താണ് രാഹുൽ ഗാന്ധി അരികിലെത്തിയത്.
ഏലിയാക്കുട്ടിയെയും അന്നമ്മയെയും ആശ്ലേഷിച്ചതിന്റെ ഫോട്ടോകൾ മാധ്യമങ്ങളിൽ നിറഞ്ഞു. ഇരുവരോടും വിശേഷങ്ങൾ തിരക്കിയതിനൊപ്പം വയോധികസഹോദരികൾ രാഹുലിനോടു വിശേഷങ്ങൾ ചോദിക്കുകയും സോണിയാ ഗാന്ധിയെ തിരക്കിയതായി പറയുകയും ചെയ്തു.
ഈ വാർത്തകളും ഫോട്ടോകളും ഫ്രെയിം ചെയ്ത് വയ്ക്കാനുള്ള ഒരുക്കത്തിലാണ് ഏലിയാക്കുട്ടിയും അന്നമ്മയും. സ്നേഹാദരവിന്റെ വിസ്മയ ചിത്രം രാഹുൽ ഗാന്ധി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
രാഹുലിന്റെ വരവ് നേട്ടമായെന്നു കോണ്ഗ്രസ് വിലയിരുത്തൽ
കോട്ടയം: തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ പ്രചാരണ മാന്ദ്യത്തിന് ഉണർവുണ്ടാക്കിയത് രാഹുൽ ഗാന്ധിയുടെ റോഡ് ഷോകളെന്ന് കോണ്ഗ്രസ് ജില്ലാ നേതൃയോഗം വിലയിരുത്തി.
കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി, പാലാ സീറ്റുകളിൽ വിജയം ഉറപ്പെന്നും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും വിജയസാധ്യതയെന്നുമാണ് നിരീക്ഷണം.
പരുത്തുംപാറ, മണർകാട്, പൊൻകുന്നം, പാലാ, ഉഴവൂർ, എരുമേലി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ജനസന്പർക്കവും രണ്ടു സീറ്റുകളിലെ വിജയം അധികമായി ലഭിക്കാൻ സാധ്യതയുണ്ടാക്കി.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കോണ്ഗ്രസ് യുഡിഎഫ് സംവിധാനം ഉണർന്നത് രാഹുലിന്റെ വരവോടെയാണ്.
സുരക്ഷാവലയം വിട്ട് രാഹുൽ ജനങ്ങളുമായി നടത്തിയ ആശയവിനിമയവും സ്നേഹപ്രകടനവും വലിയ ജനകീയവികാരമുണർത്തി.
പൊൻകുന്നത്ത് എസ്എബിഎസ് സിസ്റ്റേഴ്സിനോടും ഉഴവൂർ അരീക്കരയിൽ എലിയാക്കുട്ടി, അന്നമ്മ എന്നിവരോടു കാണിച്ച ആദരവും എരുമേലിയിൽ അനിഖ എന്ന ബാലികയെ ലാളിച്ചതും ഏറെ ചർച്ച ചെയ്യപ്പെട്ടു.