സ്വന്തം ലേഖകൻ
തൃശൂർ: ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിലായ കോൽക്കത്തയിൽ തൃശൂരിന്റെ നായകനു കീഴിൽ കേരളം സന്തോഷ് ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ നാളെ ഗ്രൗണ്ടിലിറങ്ങുന്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളേക്കാൾ ആവേശത്തിലാണ് തൃശൂരിലെ കളിക്കന്പക്കാർ.
കേരള ടീമിനെ നയിക്കുന്ന തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ വൈലപ്പിള്ളി വീട്ടിൽ രാഹുൽ വി.രാജ് കേരളത്തിനു സന്തോഷ് ട്രോഫി നേടിക്കൊടുക്കുമോ എന്ന ആകാംക്ഷയാണ് തൃശൂരിലെ ഫുട്ബോൾ കന്പക്കാർക്ക്. മികച്ച മത്സരങ്ങൾക്കു ശേഷം ഫൈനലിലെത്തിയ കേരളത്തെ ഏറ്റവും നല്ല രീതിയിലാണ് രാഹുൽ നയിച്ചത്.
തൃത്തല്ലൂരിലെ വീർ സവർക്കർ ക്ലബ് അംഗമായ രാഹുൽ ചെറുപ്പം മുതൽക്കേ ഫുട്ബോൾ കളിക്കാറുണ്ട്. പല ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. മകന്റെ നേതൃത്വത്തിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തിയെന്നു പറയുന്പോൾ അമ്മ ഷീജയ്ക്കും അച്ഛൻ രാജേന്ദ്രനും ഗോൾഡൻ ഗോൾ നേടിയ സന്തോഷം.
ഫൈനൽ ജയിച്ച് നമ്മടെ കുട്ടികൾ കപ്പു കൊണ്ടുവരുമെന്ന കാര്യത്തിൽ ഇവർക്കു സംശയമില്ല. അതിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണിവർ. തുടർച്ചയായ കളികൾ കേരള ടീമിനെ തളർത്തിയിട്ടുണ്ടോയെന്ന സംശയവും ഇവർ പ്രകടിപ്പിച്ചു. എന്നാലും നാളെ കേരളം ഏറ്റവും നല്ല കളിതന്നെ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
കേരളം ഫൈനലിലെത്തിയതിന്റെ ആഘോഷം തൃത്തല്ലൂരിലെല്ലായിടത്തുമുണ്ട്. തങ്ങളുടെ കുട്ടിയാണ് കേരളത്തെ നയിക്കുന്നതെന്നു തൃത്തല്ലൂരുകാർ ആവേശത്തോടെ പറയുന്നു.
ഏഴാം ക്ലാസു വരെ സലാലയിലും പിന്നീട് പ്ലസ് ടു വരെ വാടാനപ്പള്ളി ഇടശേരി സിഎസ്എം സ്കൂളിലുമാണ് രാഹുൽ പഠിച്ചത്. രാഹുൽ മികച്ച കളിക്കാരനാണെന്ന് ആദ്യം മനസിലാക്കാൻ രക്ഷിതാക്കൾക്കു കഴിഞ്ഞില്ലെങ്കിലും മകൻ കാൽപ്പന്തുകളിയിൽ തിളങ്ങുമെന്നും മികച്ചൊരു ഭാവി അവനു മുന്നിലുണ്ടെന്നും തിരിച്ചറിഞ്ഞതോടെ രാജേന്ദ്രനും ഷീജയും മകന് എല്ലാ പ്രോത്സാഹനവും നൽകി. കേരളവർമ കോളജിലാണ് ഡിഗ്രിക്ക് പഠിച്ചത്. കേരള വർമ കോളജിലെ കോച്ച് നാരായണമേനോന്റെ കീഴിലുള്ള പരിശീലനമാണ് രാഹുലിനെ മികച്ച താരമാക്കി മാറ്റിയത്.
കളിക്കായി എത്ര നേരം വേണമെങ്കിലും മാറ്റിവച്ച് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആവേശമാണ് രാഹുലിന്റെ പ്രത്യേകതയെന്നു കൂട്ടുകാരും പരിശീലകരും പറയുന്നു. താൻ നന്നായി കളിക്കുന്നതോടൊപ്പം മറ്റു കളിക്കാരേയും പ്രോത്സാഹിപ്പിച്ച് അവരുടേയും മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രേരിപ്പിക്കുകയെന്ന ക്യാപ്റ്റന്റെ തന്ത്രം രാഹുൽ നല്ല രീതിയിൽ പ്രകടിപ്പിക്കുന്നുണ്ട്.
നാളെ നടക്കുന്ന ഫൈനലിൽ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ.
12 തവണ സന്തോഷ് ട്രോഫി ഫൈനൽ കളിച്ച കേരളം അഞ്ചു തവണ ചാന്പ്യൻമാരായിട്ടുണ്ട്. 2013ൽ ഫൈനലിലെത്തിയെങ്കിലും പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. അഞ്ചു വർഷത്തിനു ശേഷം ഇപ്പോഴാണ് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിൽ എത്തുന്നത്. 1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. അവസാനമായി 2004ലും.
കോൽക്കത്ത മോഹൻബഗാൻ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ മിസോറാമിനെ തോൽപ്പിച്ച് ഫൈനലിലേക്കു കയറിയശേഷം രാഹുൽ വീട്ടിലേക്കു വിളിച്ച് സന്തോഷം പങ്കിട്ടിരുന്നു. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും പ്രോത്സാഹനവും നിങ്ങൾക്കുണ്ടെന്ന തൃത്തല്ലൂർക്കാരുടെ വാക്കുകൾ വംഗദേശത്തിരുന്നു ഹൃദയത്തിലേറ്റുവാങ്ങി രാഹുലും കൂട്ടരും നാളെ ഗ്രൗണ്ടിലിറങ്ങും.