സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളത്തില്‍ രാഹുലിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കുമായി കോണ്‍ഗ്രസ് നേതൃത്വം.വടകരയില്‍ അവസാന നിമിഷത്തില്‍ ട്വിസ്റ്റുമായി ലീഡറുടെ മകന് കെ. മുരളീധരന് എത്തിയപ്പോള്‍ അതിനൊപ്പം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്ന വയനാട് മണ്ഡലത്തില്‍ അഖിലേന്ത്യാഅധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെയാകെ ഞെട്ടിച്ചത്.
കേരളത്തിലെ അമേഠി എന്നറിയപ്പെടുന്ന വയനാട്ടില്‍ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ മാറ്റിയാണ് രാഹുലിന്റെ രംഗപ്രവേശം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കോഴിക്കോട്ടെത്തിയ രാഹുല്‍ വയനാട്ടിലേക്ക് പോകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
ഇപ്പോള്‍ സ്ഥാനാര്‍ഥിയായി കേരളത്തെയും ഭരണ മുന്നണിയെയും ഞെട്ടിച്ചിരിക്കുകയാണ് രാഹുലും പ്രത്യേകിച്ച് തീരുമാനം ആദ്യം മാധ്യമങ്ങളെ അറിയിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും. വാര്‍ത്ത പുറത്തുവന്നതോ ടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറുകയാണെന്ന് ടി.സിദ്ദിഖ് കോഴിക്കോട് ഡിസിസിയില്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചു.
രാഹുല്‍ എത്തുന്നതോടെ അദ്ദേഹത്തിന്റെ സേവകരായി പ്രവര്‍ത്തിക്കുമെന്നും വരവിനായി പ്രാര്‍ഥിക്കുന്നുവെന്നും രാജ്യത്തെ തന്നെ എറ്റവും വലിയ ഭൂരിപക്ഷത്തോടെ അധ്യക്ഷനെ വിജയിപ്പിക്കുമെന്നും സിദ്ധിഖ് അറിയിച്ചു. മലയോരമാകെ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.
കേരളത്തിലെ 14 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും രണ്ടുസീറ്റുകളില്‍ വടകരയിലും വയനാട്ടിലും ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. സിദ്ദിഖിനെ ഉമ്മന്‍ചാണ്ടിയുടെ പിടിവാശിയില്‍ സ്ഥാനാര്ഥിയാക്കുകയായിരുന്നുവെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. ഇതിനെതിരേ രമേശ് ചെന്നിത്തലയും ഐഗ്രൂപ്പും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് രഹസ്യയോഗം ചേരുകയും ചെയ്തു.
ഇന്ന് ജില്ലയില്‍ എത്തിയ മുല്ലപ്പള്ളിയാകട്ടെ ഇതിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടി എടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ രംഗത്തെത്തുന്നത്. രാഹുല്‍ സ്ഥാനാര്‍ഥിയാകുന്നതോടെ സമീപ മണ്ഡലവും തീപാറുന്ന പോരാട്ടം നടക്കുന്ന സ്ഥലവുമായ വടകരയില്‍ ഈ സ്ഥാനാര്‍ഥിത്വത്തിന്റെ ആവേശം അലയടിക്കുകയും ചെയ്യും.
ദക്ഷിണേന്ത്യമുഴുവന്‍ ഈ മാറ്റത്തിന്റെ അലയൊലിയുണ്ടാകും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രന് ഈ വാര്‍ത്ത ശരിവയ്ക്കുകയുംചെയ്തതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാക്കള്‍ എന്നിവരെല്ലാം തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തി. ഘടകകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ പുര്‍ണ സമ്മതമെന്നും ചെന്നിത്തല പറഞ്ഞു.
പിടിവാശി മൂലം സീറ്റ് നേടി എടുത്തുവെന്ന ആക്ഷേപവും ഇതോടെ നിലവിലെ ഡിസിസി പ്രസഡന്റ് ടി.സിദ്ദിഖിന്റെ തലയില്‍ നിന്ന് ഒഴിവാകുകയും ചെയ്യും. വയനാട്ടില്‍ 6,55,786 പുരുഷ വേരാട്ടര്മാരും 6,70,002 സ്ത്രീ വോട്ടറര്മാരുമടക്കം 13,25,788 വോട്ടര്‍മാരാണ് ഉള്ളത്. വയനാട് മണ്ഡലം രൂപം കൊണ്ട 2009-ല്‍ 1,53,439 വോട്ടിന്റെ ഭുരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. 2014-ല്‍ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞു.
വയനാട്ടിൽ രാഹുലെത്തി, പത്തനംതിട്ടയിൽ മോദിയെത്തുമോ?
കോട്ടയം: വയനാട്ടിൽ രാഹുൽഗാന്ധി എത്തിയതോടെ പത്തനംതിട്ടയിൽ ബിജെപിയുടെ സ്ഥാനാർഥിയെ ചൊല്ലിയും പ്രതീക്ഷകൾ ഉയരുന്നു.ഉത്തർപ്രദേശിലെ അമേത്തിയാണ് രാഹുൽഗാന്ധി മത്സരിച്ചുവരുന്ന മണ്ഡലം. 2014ൽ അമേത്തിയിൽ മാത്രമേ രാഹുൽ മത്സരിച്ചിരുന്നുള്ളൂ.
എന്നാൽ ഇപ്രാവശ്യം അമേത്തി കൂടാതെ ദക്ഷിണേന്ത്യയിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്നു കൂടി മത്സരിക്കണമെന്ന് രാഹുൽ ആഗ്രഹിച്ചിരുന്നു. കർണാടകത്തിൽനിന്ന് രാഹുൽഗാന്ധി മത്സരിക്കണമെന്ന് കർണാടക പ്രസിഡന്റ് സിദ്ധരാമയ്യ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ വയനാട് തെരഞ്ഞെടുക്കുകയാണ്.
രാഹുൽ വയനാട്ടിൽ എത്തിയേക്കുമെന്ന് മനസിലാക്കിയാണ് ബിജെപി പത്തനംതിട്ടയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരിക്കുന്നതെന്ന് ഇപ്പോൾ ഏറെക്കുറെ ഉറപ്പിക്കാം. കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി ആകുമെന്ന് ഉറപ്പിച്ചിരുന്നതാണ്. പക്ഷേ അവസാന നിമിഷം പത്തനംതിട്ടയിൽ സ്ഥാനാർഥിയെ നിർത്താതെ ബിജെപി ഒഴിച്ചിട്ടു.
രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന സ്ഥിതിക്ക് പത്തനംതിട്ടയിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപിയുടെ പ്രമുഖ നേതാക്കൾ വന്നേക്കാനുള്ള സാധ്യത കൂടുതലാണ്. രാഹുലിന്റെ വരവോടെ ദക്ഷിണേന്ത്യയിൽ നേടുന്ന കോണ്‍ഗ്രസിന്റെ മുൻതൂക്കം ഇതുവഴി തടയാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
അനുകൂലിച്ച് യുഡിഎഫ്, വിമർശിച്ച് എൽഡിഎഫ്
ഉത്തർപ്രദേശിലെ അമേത്തിയിൽ പരാജയപ്പെടുമെന്ന ഭീതി കൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ദേശീയ ഐക്യത്തിന് കാരണമാകുമെന്ന് വി.എം സുധീരൻ.
പ്രധാനമന്ത്രി സ്ഥാനാർഥി ആയ രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്ന അംഗീകാരമെന്ന് ജോസ് കെ മാണി എംപി
രാഹുൽ ഗാന്ധി വരുന്നതിൽ വലിയ സന്തോഷവും ഉണർവുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി