സ്വന്തം ലേഖകന്‍
കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേ അതിനെ നേരിടാന്‍ അരയും തലയും മുറുക്കി ബിജെപി. രാഹുലില്‍ വയനാട്ടില്‍ എത്തിയാല്‍ അത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന രാഷ്ട്രീയ പോരാട്ടമാക്കി മാറ്റാനാണ് ബിജെപി തീരുമാനം.
നിലവില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരിക്കുന്നത്. രാഹുല്‍ എതിര്സ്ഥാനാര്ഥിയാകുകയാണെങ്കില് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം സീറ്റ് വച്ചുമാറാന്‍ തയാറാണെന്ന് തുഷാര്‍ അറിയിച്ചിട്ടുണ്ട്. ഒന്നുകില്‍ തുഷാര്‍ അല്ലെങ്കില്‍ ബിജെപിയുടെ സമുന്നതനായ നേതാവ് എന്നതാണ് ലക്ഷ്യം.
ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ അനൂകൂല നിലപാടാണ് ഉള്ളത്. നിലവില്‍ തൃശൂരില്‍ മത്സരിക്കാന്‍ തയാറായ തുഷാര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ തുഷാറിന് ലഭിക്കുന്ന മൈലേജ് വലുതായിരിക്കുമെന്ന് ബിഡിജെഎസും കുരുതുന്നു. ഇക്കാര്യത്തില്‍ തുഷാറിനും മറിച്ചൊരു അഭിപ്രായമില്ലെന്നാണ് അറിയുന്നത്. രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാനായാല്‍ പോലും അത് ചരിത്രനേട്ടമായി വിലയിരുത്തപ്പെടും.
നിലവില്‍ തൃശൂരില്‍ മത്സരിക്കാന്‍ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് തുഷാര്‍ തയാറായത്. പിതാവ് വെള്ളാപള്ളി നടേശന്റെഎതിര്പ്പ് മറികടന്നാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ രാജ്യസഭാ എംപി സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനം ബിജെപി കേന്ദ്ര നേതൃത്വം തുഷാറിന് നല്‍കിയിട്ടുണ്ട്. ബിഡിജെഎസിനും എസ്എന്‍ഡിപിക്കും ശക്തമായ വേരോട്ടമുള്ള തൃശൂരില്‍ മത്സരിക്കാന്‍ കെ.സുരേന്ദ്രന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള എന്നിവര്‍ക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ തൃശൂര്‍ എന്നതായിരുന്നു ബിജെപിയുടെ ലൈന്‍ .
എന്നാല്‍ സീറ്റ് ബിഡിജെഎസിന് നല്‍കുന്നതിനും കേന്ദ്ര നേതൃത്വത്തിന് എതിപ്പുണ്ടായിരുന്നില്ല. തുഷാര്‍ മത്സരിച്ചാലും ഇവിടെ വിജയസാധ്യതയുണ്ടെന്നുതന്നെയായിരുന്നു കേന്ദ്ര നേതൃത്വം കണക്കൂകൂട്ടിയത്. ഇവിടെ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് രാഹുലിന്റെ രംഗപ്രവേശവും അതിനെ തുടര്‍ന്ന് തുഷാറിനെ വയനാട്ടില്‍ ഇറക്കണമെന്ന നിര്‍ദേശവും വന്നത്.
ഇതോടെ സീറ്റ് വിഭജനത്തില്‍ തന്നെ മാറ്റം വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒന്നുകില്‍ വയനാട് സീറ്റ് ബിജെപി ഏറ്റെടുത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുക. അല്ലെങ്കില്‍ തുഷാറിനെ രംഗത്തിറക്കുക. ഈസി വാക്കോവര്‍ രാഹുലിന് നല്കാന് തയാറല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വ്യക്തമാക്കുന്നു. രാഹുലെത്തിയാല്‍ സീറ്റ് ഏറ്റെടുക്കാനുള്ള ബിജെപി നീക്കത്തിനിടെ ബിഡിജെഎസ് വയനാട് ഒഴിച്ചുള്ള സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഴുവന്‍ സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും ബിഡിജെഎസിന്റെ അഞ്ച് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം വൈകുന്നതിനും രാഹുലിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധമുണ്ട് എന്നാണ് സൂചന.