കോഴിക്കോട്: അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പുകമറയില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. രാഹുലിന്റെ മനസറിയും മുന്‍പേ വാര്‍ത്ത സ്ഥീരീകരിക്കുകയും എന്നാല്‍ മൂന്നു ദിവസമായിട്ടും ഇത് ഉറപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാതാവുകയും ചെയ്തതോടെ പ്രവര്‍ത്തകര്‍ നിരാശയിലാണ്.
നിലവില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും കണ്‍വന്‍ഷനുകളും നടത്തുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി ആരെന്ന അനിശ്ചിതത്വം മൊത്തം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. രാഹുല്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറുന്നതായി സിദ്ദീഖ് കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.
ഇതോടെ സിദ്ദിഖിന്റെ ചിത്രം പതിച്ച പോസ്റ്റുകളും മറ്റും മണ്ഡലത്തില്‍ നിന്നും മാറ്റി. പകരം രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡുകള്‍ പതിക്കാനും തുടങ്ങി. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണോ ഇത്തരം തന്ത്രങ്ങളെന്ന സംശയമാണ് പ്രവര്‍ത്തകര്‍ക്കിടിയിലുള്ളത്. വയനാടിനൊപ്പം വടകരയിലും ഹൈക്കമാൻഡ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ ധൈര്യമായി പ്രചാരണവുമായി മുന്നോട്ടുപോകാനാണ് തനിക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശമെന്നാണ് കെ.മുരളീധരന് പറയുന്നത്. ശക്തമായ മത്സരം നടക്കുന്ന വടകര പോലുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ആവേശം പകരാന്‍ ശ്രമിക്കാത്തതിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.
ഇന്നലെയും ഔദ്യോഗികമായി ഇക്കാര്യത്തില്‍ സ്ഥീരീകരണമില്ലാതായതോടെ തീര്‍ച്ചയായും വയനാട്ടില്‍ രാഹുല്‍ വരുമെന്ന് ഉറച്ച പ്രതീക്ഷയാണ് തനിക്കും പ്രവര്ത്തകര്ക്കിടയിലുമുള്ളതെന്ന് സിദ്ദിഖ് പറഞ്ഞു.