വയനാട്: രാഹുൽ ഗാന്ധിയെച്ചൊല്ലി യുഡിഎഫിനകത്ത് പ്രതിഷേധം കനക്കുന്നു. വയനാട്ടിൽ രാഹുൽ മത്സരിക്കുമോയെന്ന കാര്യത്തിൽ ഉടൻ വ്യക്തവരുത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചതായി ലീഗ് നേതാക്കൾ പറഞ്ഞു. രാഹുൽ മത്സരിച്ചാലും ഇല്ലെങ്കിലും സ്ഥാനാർഥിത്വത്തിൽ തീരുമാനം അടിയന്തരമായി ഉണ്ടാകണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചരണരംഗത്ത് വളരെയേറെ മുന്നോട്ടുപോയി. അവർ രണ്ടാംഘട്ട പ്രചരണ പരിപാടികളിലേക്കും കടന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർഥി ആരെന്നുപോലും അറിയാതെ കുഴയുകയാണ്.
പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നും പ്രവര്‍ത്തകരും നേതാക്കളും നിരാശയിലാണെന്നുമാണ് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തില്‍ പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്.
ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ കൺവെന്‍ഷനുകള്‍ മാറ്റിവയ്ക്കേണ്ടി വന്നു. സ്ഥാനാര്‍ഥിയെ അറിയാതെ എങ്ങനെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ചേരുമെന്നാണ് നേതാക്കളുടെ ചോദ്യം.
എന്നാൽ രണ്ടു ദിവസത്തിനകം രാഹുലിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കർണാടകയിലെ റാലിക്ക് മുമ്പ് സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ദേശീയ നേതാക്കൾ സൂചന നൽകുന്നു.