സ്വന്തം ലേഖകന്‍
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായതോടെ മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ കുറഞ്ഞായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആക്ഷേപം. വട്ടിയൂര്‍ക്കാവിലെ എംഎല്‍എയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യ ചുമതലയുള്ളവരില്‍ പ്രധാനികളുമായ കെ. മുരളീധരനും കെ.സുധാകരനും സ്ഥാനാര്‍ഥികളായതോടെ പ്രചാരണരംഗം തണുത്തതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം സജീവമായി രംഗത്തുണ്ടെങ്കിലും കത്തിക്കയറുന്ന നേതാക്കളുടെയും തീപ്പൊരി പ്രസംഗങ്ങളുടെയും കുറവ് അനുഭവപ്പെടുന്നതായി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആകട്ടെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തിരക്കിലാണ്.
ദേശീയ നേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്ന മുല്ലപ്പള്ളി സ്വന്തം തട്ടകമായ വടകരയില്‍ പ്രചാരണരംഗത്ത് വേണ്ടത്ര സജീവമല്ല. മുല്ലപ്പള്ളിക്ക് എല്ലായിടത്തും ഓടി എത്താന്‍ കഴിയുന്നില്ല. എന്നാല്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന പ്രസംഗ രമ്പരകളേക്കാള് കുടുംബയോഗങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രധാന്യം നല്‍കുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡിലങ്ങളില് ഈ പ്രചാരണം മതിയോ എന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങളില്‍ ഇതിനകം പരാതി ഉയര്‍ന്നിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മാത്രമാണ് യുഡിഎഫിന് വേണ്ടി കിണഞ്ഞ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. കോഴിക്കോട് എം.കെ.രാഘവനെതിരേ വിവാദങ്ങള്‍ ഉയര്‍ന്നതോടെ വലിയ ഒരു പ്രതിസന്ധിയിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍. പക്ഷെ, അപ്പോഴും പ്രചാരണരംഗത്ത് രാഘവന് പിന്നോട്ട് പോയിട്ടില്ല. അതേസമയം തന്റെ ട്രേഡ്മാര്‍ക്കായി “വികസനം’ വിവാദങ്ങളില്തട്ടി നിന്നുപോകുകയും ചെയ്തു.
ഒളികാമറ വിവാദമുണ്ടാക്കിയ പരിക്ക് പരിഹരിക്കാന്‍ നേതാക്കളുടെ ഇടപെടലുണ്ടാവുന്നില്ലെന്നാണ് എം.കെ രാഘവന്റെ പരാതി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളായ എന്‍.സുബ്രഹ്മണ്യന്, ടി.സിദ്ദീഖ് എന്നിവര്‍ക്ക് വയനാട് മണ്ഡലത്തിന്റെ കൂടി ചുമതലയുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ യോഗം വിളിച്ചിരുന്നു. അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ജില്ലയില്‍ നിന്നുള്ള പ്രധാന നേതാക്കള്‍ക്ക് വീഴ്ചയുണ്ടന്ന പരാതിയാണ് ശശി തരൂരിന്റേത്. വട്ടിയൂര്‍ക്കാവിലെ എംഎല്‍എ കെ.മുരളീധരന് വടകരയില്‍ മത്സരിക്കാന്‍ പോയതോടെ പാര്‍ട്ടി സംവിധാനം തന്നെ നിശ്ചലമായെന്നാണ് പരാതി. വടകരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ ഉണ്ടായ ആവേശം പിന്നീടില്ലെന്നാണ് കെ.മുരളീധരന്റെ പരാതി.
മുരളീധരന് പ്രചാരണത്തോട് വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ട്. അപ്പോഴും ആവനാഴിയിലെ അവസാന അസ്ത്രം വരെ തൊടുക്കാനുള്ള തയാറെടുപ്പിലാണ് മുരളീധരന് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍.