മുക്കം: ദേശീയ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തിൽ യുഡിഎഫിലെ അപ്രഖ്യാപിത കൊടി വിലക്കിന് തിരുവമ്പാടി പഞ്ചായത്തില്‍ ഒടുവിൽ “ലംഘനം’. മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണങ്ങള്‍ തുടക്കം മുതല്‍ കലാശക്കൊട്ട് വരെ ലീഗും കോണ്‍ഗ്രസും കൊടികളില്ലാതെ പൂര്‍ത്തിയാക്കിയപ്പോള്‍ മലയോര പഞ്ചായത്തായ തിരുവമ്പാടിയിലാണു കൊടികള്‍ക്കു വിലക്കില്ലാത്ത കലാശക്കൊട്ടു നടത്തിയത്.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലീഗ് കൊടി ഉപയോഗിച്ചതിനു പ്രവർത്തകർക്കു മർദനമേറ്റ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ലീഗിന്റെ പച്ചക്കൊടി ഉയര്‍ത്തുന്നത് ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ വ്യാജ പ്രചാരണത്തിന് ആയുധമാക്കുന്നു എന്ന ന്യായമുയര്ത്തിയാണു കൊടികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ അവസാനവട്ട ആവേശത്തില്‍ അതെല്ലാം മറന്നു. ലീഗ് കൊടികളുമായി എത്തിയതോടെ കോണ്‍ഗ്രസും കൊടി ഉയര്‍ത്തി.രാഹുല്‍ പത്രിക സമര്‍പ്പണത്തിനും പ്രചാരണത്തിനുമായി രണ്ട് തവണ മണ്ഡലത്തിലെത്തിയപ്പോഴും കൊടികള്‍ മാറ്റിനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം അതീവ ശ്രദ്ധ കാണിച്ചിരുന്നു.
തിരുവമ്പാടിയില്‍ ഉപയോഗിച്ച പച്ചക്കൊടി സംഘപരിവാര്‍ ആയുധമാക്കുമെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. തിരുവമ്പാടിയിലെ കൊടി ഉപയോഗം വരുംദിവസങ്ങളില്‍ യുഡിഎഫിലും ചര്‍ച്ചയാകും.