റെനീഷ് മാത്യു
കണ്ണൂർ: തൊഴിലില്ലായ്മയും കാർഷികമേഖലയിലെ വിലയിടിവും സാന്പത്തിക തകർച്ചയും ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്ന് ഘടകങ്ങളാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കണ്ണൂരിൽ എത്തിയ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു.
മാവോയിസ്റ്റുകളെയും തീവ്രവാദികളെയും കോൺഗ്രസ് സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് രൂക്ഷവിമർശനം നടത്തിയത്.രാജ്യത്തെ വിഭജിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹം. തൊഴിൽ നൽകാത്തതും അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകിയതുമാണ് ഏറ്റവും വലിയ രാജ്യദ്രോഹം.
ഇത് മോദി തിരിച്ചറിയണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകരാണ് രാജ്യവിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയായിട്ടുള്ളത്. രാഷ്ട്രീയമായി ദുർബലരായവരാണ് രാഷ്ട്രീയ അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നത്.
എന്നാൽ, കോൺഗ്രസ് കരുത്തരാണെന്നും അതിനാൽ അക്രമങ്ങളുടെ ആവശ്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. റഫാൽ ഇടപാടിൽ സുപ്രീംകോടതി നോട്ടീസ് നൽകിയതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു.