ആലപ്പുഴ: ദേവനന്ദ ഇന്ന് കേരള മനസിന്റെ വിങ്ങുന്ന ഓർമയാണ്. കാണാതായി പിറ്റേ ദിവസം പുലർച്ചെ ആ കുരുന്നിന്റെ മൃതദേഹം വീടിനടുത്തുള്ള പുഴയിൽ നിന്ന് കണ്ടെടുത്തപ്പോൾ ഹൃദയത്തിന് നൊന്പരമേൽക്കാത്തവർ ഉണ്ടാവില്ല.
മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ടെങ്കിലും കുറെയധികം ചോദ്യങ്ങൾ അവശേഷപ്പിക്കുന്നുണ്ട് ഈ കുരുന്നിന്റെ വേർപാട്. ദേവനന്ദ നമ്മുടെ ഓർമകളിൽ നിന്നു മാഞ്ഞിട്ടില്ല.
എന്നാൽ ഓർമയിൽ കത്തി നിൽക്കുന്ന മറ്റൊരു മുഖമുണ്ട്… രാഹുൽ .15 വർഷം മുന്പ് ആലപ്പുഴ പൂന്തോപ്പിൽ നിന്നു കാണാതായ ഏഴു വയസുകാരൻ. ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ മാതാപിതാക്കൾ. രാഹുൽ വരുന്നതും കാത്ത്.
ഉച്ചയായപ്പോൾ ട്യൂഷൻ കഴിഞ്ഞുവന്ന് കളിക്കാൻ പോയതാണ് രാഹുൽ. ഉച്ചകഴിഞ്ഞ് മുന്നോടെ വെള്ളം കുടിക്കാനാണെന്നു പറഞ്ഞ് വീട്ടിലേയ്ക്കു പോയി എന്നാണ് കുട്ടുകാർ പറയുന്നത്. പക്ഷേ, പിന്നീട് രാഹുലിനെ കണ്ടിട്ടില്ല.
2005 മേയ് 18-നാണ് രാഹുലിനെ കാണാതായത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച് ഒരു തുന്പും കിട്ടാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. രാഹുൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 22 വയസാകുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
വീടിനു മുന്നിലെ ചെറിയ മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു രാഹുൽ. ഇടയ്ക്ക് വെള്ളം കുടിക്കാൻ വീട്ടിലേയ്ക്കു പോകുകയാണെന്നു പറഞ്ഞു പോയ രാഹുലിനെ പിന്നെ കൂട്ടുകാരോ വീട്ടുകാരോ കണ്ടിട്ടില്ല.
വർഷം ഇപ്പോൾ 15 വർഷം കഴിയുന്പോഴും എല്ലാവരും ചോദിക്കുന്ന ചോദ്യം ഇതാണ്. രാഹുൽ എവിടെ? ജീവിച്ചിരിപ്പുണ്ടോ? മരിച്ചിരുന്നെങ്കിൽ മൃതദേഹം കണ്ടുകിട്ടേണ്ടതല്ലായിരുന്നോ.
ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്കു മുന്നിലും രാഹുലിന്റെ മാതാപിതാക്കൾ പ്രതീക്ഷ കൈവിട്ടിട്ടില്ല. അവൻ എന്നെങ്കിലും തിരിച്ചുവരുമെന്നാണ് അവർ കരുതുന്നത്.
പലരും വിളിക്കും രാഹുലിനെപ്പോലൊരു കുട്ടിയെ കണ്ടുവെന്നൊക്കെ പറഞ്ഞ്. തങ്ങൾ ഓടിയെത്തും. പക്ഷേ, നിരാശ മാത്രമായിരുന്നു ഫലം.
പോലീസ് അന്വേഷണങ്ങളൊക്കെ തകൃതിയായി നടന്നു. ലോക്കൽ പോലീസിന്റെ അന്വേഷണങ്ങളിൽ ഒട്ടേറെ വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. ഒടുവിൽ സിബിഐ അന്വേഷണത്തിൽ വലിയ പ്രതീക്ഷയായിരുന്നു തങ്ങൾക്കെന്നും അവർ പറഞ്ഞു.
പക്ഷേ ചോദ്യം ചെയ്യലിനും മൊഴിയെടുക്കാനുമൊക്കെയായി നാട്ടുകാരേയും അയൽക്കാരേയും സിബിഐ വിളിക്കുന്പോൾ പലരും ഒഴിഞ്ഞുമാറി. പലർക്കും തങ്ങളോട് ദേഷ്യമായെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല.
തന്റെ കൈയ്യിൽ നിന്നും ഒരു ഉരുള ചോറുണ്ട് മൈതാനത്തേയ്ക്ക് കളിക്കാൻ ഓടിയ അവനെ ഓർത്ത് ആ മാതൃമനസ് ഇന്നും തേങ്ങുകയാണ്.