ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിൽ അട്ടിമറി നടത്തിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞ ഹരിയാനയിലെ ബിജെപി സ്ഥാനാർഥിയെ പരിഹസിച്ചു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹമാണു ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യനെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ഹരിയാനയിലെ ബിജെപി എംഎൽഎയായ ബക്ഷിക് സിംഗ് വിർകാണു വിവാദ പ്രസ്താവന നടത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ എവിടെ വോട്ടു രേഖപ്പെടുത്തിയാലും അതു ഭരണത്തിലിരിക്കുന്ന പാർട്ടിക്കു ലഭിക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. ഇതു വിവാദമായതിനെ തുടർന്നാണു രാഹുലിന്റെ പരിഹാസം.
വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണിൽ അമർത്തിയാലും വോട്ട് മുഴുവൻ ബിജെപിക്കു ലഭിക്കുമെന്നു ബക്ഷിക് തന്റെ അണികളോടു പറയുന്ന വീഡിയോ ഞായറാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോദിജിയും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും ബുദ്ധിമാൻമാരാണെന്നും ബക്ഷിക് പറയുന്നുണ്ട്. ഈ വീഡിയോ കൂടി രാഹുൽ ട്വീറ്റ് ചെയ്തു.
വിവാദ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ബക്ഷിക് സിംഗ് വിർക്കിനു നോട്ടീസ് നൽകിയിരുന്നു. കോണ്ഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡ തെരഞ്ഞെടുപ്പ് ദിവസം വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.