ന്യൂഡൽഹി: അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകന് മുന്നിൽ കാരുണ്യത്തിന്റെ കരം നീട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പരിക്കേറ്റ് റോഡിൽ കിടന്ന മാധ്യമപ്രവർത്തകനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിലാക്കി. രാജസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് ആശുപത്രിയിൽ എത്തിച്ചത്.
ബുധനാഴ്ച സെൻട്രൽ ഡൽഹിയിലെ ഹുമയൂൺ റോഡിൽ വച്ചാണ് സംഭവം. മാധ്യമപ്രവർത്തകൻ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുകയായിരുന്നു. ആ സമയം അതുവഴിയെത്തിയ രാഹുൽ ഗാന്ധി ഉടൻതന്നെ വാഹനം നിർത്തുകയും രാജേന്ദ്ര വ്യാസിനെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
പരിക്കേറ്റയാളെ എയിംസ് ആശുപത്രിയിലേക്കാണ് രാഹുൽ കൊണ്ടുപോയത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ വ്യാസിനൊപ്പം രാഹുൽ കാറിലിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തുവാല ഉപയോഗിച്ച് രാഹുൽ മാധ്യമപ്രവർത്തകന്റെ തല തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.