ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും എതിരേ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി.
ഇന്ത്യൻ മണ്ണ് ചൈനയ്ക്കു വിട്ടുനൽകുകയാണ് നരേന്ദ്ര മോദി ചെയ്തതെന്നും, ഭീരുവായ അദ്ദേഹം ചൈനയ്ക്ക് എതിരേ നിലപാടെടുക്കാൻ തയാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
കിഴക്കൻ ലഡാക്കിലെ പാംഗോങ്ങ് തടാകത്തിനു തെക്കും വടക്കുമുള്ള പ്രദേശങ്ങളിൽനിന്ന് ഇരു രാജ്യങ്ങളും സൈനിക പിൻമാറ്റം തുടങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം രാജ്യസഭയിൽ പ്രസ്താവന നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമർശനം.
ചൈനീസ് സൈനികർ പാംഗോങ്ങ് തടാകത്തിനു വടക്കുള്ള ഫിംഗർ എട്ട് പ്രദേശത്തേക്കും, ഇന്ത്യ ഫിംഗർ മൂന്നിലെ ധൻസിംഗ് ഥാപ്പ പോസ്റ്റിലേക്കും പിൻമാറുമെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
എന്നാൽ ഫിംഗർ നാല് ഇന്ത്യയുടെ സ്വന്തമാണെന്നും അവിടെനിന്ന് എന്തിനു മാറുന്നുവെന്നുമാണ് രാഹുലിന്റെ ചോദ്യം. ഇതിനു പ്രധാനമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് മോദി പാർലമെന്റിൽ പ്രസ്താവന നടത്താത്തതെന്നും രാഹുൽ ചോദിച്ചു.
സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്ന പ്രധാനമന്ത്രിക്ക് ചൈനയുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ പേടിയാണ്.
സൈന്യത്തിന്റെ ത്യാഗത്തെ ചതിക്കാൻ ഇന്ത്യയിലെ ഒരാളും അനുവദിക്കരുത്. മാധ്യമങ്ങൾ സത്യം പുറത്തുകൊണ്ടുവരണം- രാഹുൽ ആവശ്യപ്പെട്ടു.