ന്യൂഡൽഹി: യമുനാനദിയെ മാലിന്യവിമുക്തമാക്കി നദിയിൽ കുളിക്കുമെന്നും യമുനയിലെ വെള്ളം കുടിക്കുമെന്നും അഞ്ചുവർഷം മുൻപ് അവകാശവാദം മുഴക്കിയ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും വന്നിട്ടില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
“ഞാൻ വെല്ലുവിളിക്കുകയാണ്, കേജരിവാൾ യമുനാനദിയിലെ ജലം കുടിക്കണം. പൊതുജനങ്ങൾക്ക് മലിനജലം കുടിക്കാൻ നൽകിയിട്ട് കോടികൾ മുടക്കി പണിത വസതിയിൽ ഫിൽറ്റേർഡ് വെള്ളമാണ് കേജരിവാൾ കുടിക്കുന്നത്’ രാഹുൽ പറഞ്ഞു.
എഎപിയുടേത് കോർപറേറ്റ് സർക്കാരാണെന്നും കേജരിവാൾ നൽകുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നും ഇക്കാര്യത്തിൽ കേജരിവാളും നരേന്ദ്രമോദിയും ഒരുപോലെയാണെന്നും രാഹുൽഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്കു നീങ്ങുന്നതിനിടെയാണ് രാഹുൽഗാന്ധിയുടെ കടന്നാക്രമണം.