കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും വലിയ വിജയം നേടിയ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വയനാടിനു പുറമേ റായ്ബറേലിയിലും രാഹുല്‍ വിജയക്കൊടിപാറിച്ചതോടെ നെഞ്ചിടിപ്പ് വയനാട്ടുകാര്‍ക്കാണ്. വയനാടിനെ രാഹുല്‍ കൈവിടുമോ എന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക.
ഇന്ത്യാ മുന്നണി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിക്ക് വലിയ മൈലേജാണ് ലഭിച്ചത്. റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി 3,90,030 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
വയനാട്ടില്‍ 3,64, 422 വോട്ടുകളുടെ ഭൂരിപക്ഷത്തിലും. രാഹുലിന്റെ കുടുംബത്തിനു റായ്ബറേലിയുമായി അടുത്ത ബന്ധമാണുള്ളത്. ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലിന്റെ സാന്നിധ്യം റായ്ബറേലിയില്‍ വേണമെന്നാണ് കോണ്‍ഗ്രസിനു താല്പര്യം.
വയനാട്ടില്‍ രാഹുല്‍ തുടരുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു നടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ സൂചന. ദേശീയതലത്തില്‍ ഇന്ത്യസഖ്യം അതിശക്തമായ മല്‍സരം കാഴ്ചവച്ച സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലിയില്‍ ഉണ്ടായാല്‍ മുന്നണിയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ഇന്ത്യമുന്നണി നേതാക്കള്‍ കരുതുന്നുണ്ട്.
അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. വയനാട്ടിലെ പ്രവര്‍ത്തകരുടെ വികാരം കൂടി പരിഗണിച്ചേശഷമായിരിക്കും തീരുമാനം.
രാഹുല്‍ വയനാട് വിട്ടാല്‍ സഹോദരി പ്രിയങ്കാഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ എത്തുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് 4.31 ലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തിനാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്.
അന്ന് സിപിഐയിലെ പി.പി.സുനീറിനെയാണ് രാഹുല്‍ തോല്‍പ്പിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ശക്തമായ മല്‍സരം നടത്തിയതുമൂലമാണെന്നാണ് വിലയിരുത്തല്‍.
1,41, 045 വോട്ടുകളാണ് സുരേന്ദ്രന് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ നാല്പതിനായിരത്തില് പരം വോട്ടുകള്‍ അദ്ദേഹം അധികം നേടി.