ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ “ഹിന്ദു’ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി. ഇന്നലെ നടത്തിയ രാഹുലിന്റെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ ബിജെപി എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശം. ആര്‍എസ്എസ് അല്ല ഹിന്ദുക്കള്‍ എന്ന പരാമര്‍ശവും നീക്കി.
ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നെന്നടക്കം പറഞ്ഞാണ് രാഹുൽ ബിജെപിയെ ലോക്സഭയിൽ കടന്നാക്രമിച്ചത്. നിങ്ങൾ ഹിന്ദുവല്ല, ബിജെപിയും ആർഎസ്എസും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള പരാമർശമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് പറഞ്ഞു.
താൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. രാഹുൽ മാപ്പ് പറയുന്നണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.