ന്യൂഡൽഹി: കേരളത്തിലെ കർഷക ആത്മഹത്യകൾ ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കർഷകർ എടുത്ത വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ ബാങ്കുകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകണമെന്ന് രാഹുൽ ലോക്സഭയിൽ ആവശ്യപ്പെട്ടു.
കേരള സർക്കാരിന്റെ ആവശ്യം അംഗീകരിക്കാൻ ആർബിഐക്ക് കേന്ദ്രം നിർദേശം നൽകണം. ബാങ്കുകൾ ജപ്തി നോട്ടീസ് നൽകി കർഷകരെ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രം റിസർവ് ബാങ്കിനോട് നിർദേശിക്കണമെന്നും രാഹുൽ ലോക്സഭയിൽ പറഞ്ഞു.
വയനാട്ടിൽ ബുധനാഴ്ച വയനാട്ടിൽ കടക്കെണി മൂലം ഒരു കർഷകൻ കൂടി ജീവനൊടുക്കി. വയനാട്ടിൽ 8000 കർഷകർക്ക് ബാങ്കുകൾ ജപ്തിനോട്ടീസ് അയച്ചിരിക്കുകയാണ്. വസ്തു ഈടിന്മേൽ ആണ് കർഷകർ വായ്പ എടുത്തിരിക്കുന്നത്. ഇതാണ് കർഷകരുടെ ആത്മഹത്യക്കു കാരണമാകുന്നതെന്നും രാഹുൽ പാർലമെന്റിൽ പറഞ്ഞു. രാജ്യത്തെ കർഷകർ ദുരിതത്തിലാണ്. എന്നാൽ കർഷകരുടെ ദുരിതം അകറ്റാൻ വേണ്ടിയുള്ള ശക്തമായ ഒരു നടപടിയും കേന്ദ്ര ബജറ്റിൽ സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.