കോട്ടയം: മലയാളിയുടെ സങ്കടവും സന്തോഷവും സംസ്കാരവും എല്ലാം ചേർന്നതാണു മലയാളമെന്നു രാഹുൽ ഗാന്ധി. യുഡിഎഫ് സംഗമവേദിയിലെ ബൊക്കെ എടുത്ത് ഉയർത്തിയ രാഹുൽ ഓരോ പൂവും വ്യത്യസ്തമാണെന്നും അത് ഇന്ത്യപോലെയാണെന്നു പറഞ്ഞു.
ഒറ്റയ്ക്കു നിൽക്കുമ്പോൾ ഉള്ളതിനേക്കാൾ ഭംഗിയാണ് കൂട്ടമായി നിൽക്കുമ്പോൾ. ഒരു കൂട്ടം പൂക്കളിൽനിന്ന് ഒരു തരം പൂക്കൾ മാത്രം മതിയെന്നാണ് ആർഎസ്എസ് പറയുന്നത്.
തമിഴ്നാട്ടിലെ ദോശ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ദോശയും മനസിലാക്കണം. ഈ വ്യത്യസ്തത മാറ്റാൻ ഒരിക്കലും കഴിയില്ലെന്നും പ്രധാനമന്ത്രി വെറുതെ സമയം കളയുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇനി സമ്മേളനത്തിനെത്തുമ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി. സമ്മേളനത്തിനെത്തിയ എല്ലാവരും മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഞാന്‍ മാത്രമാണ് ടീഷര്‍ട്ടും പാന്റും ധരിച്ചിരിക്കുന്നത്. അതിനാലാണ് അടുത്ത തവണ വരുമ്പോൾ വേഷത്തില്‍ മാറ്റം വരുത്തുന്നത്.
വളരെ ദൂരെനിന്നാണ് കേരളത്തെ മുമ്പ് നോക്കിക്കണ്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗമാണ് താനെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഭാഷാ വൈവിധ്യത്തെക്കുറിച്ചും സംസാരിച്ചു. മലയാളം എന്നു പറഞ്ഞാല്‍ കേരളമാണെന്നും എത്ര തലമുറകളും കാലങ്ങളും കഴിഞ്ഞാലും മലയാളം ഇവിടെ നിലനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.