ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്നു ചേരും. വൈകിട്ട് അഞ്ചരയ്ക്ക് പാർലമെന്റ് സെൻട്രൽ ഹാളിലാണ് യോഗം. നിയുക്ത എംപിമാരോടും രാജ്യസഭാ എംപിമാരോടും യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ജയിച്ചതിനാൽ അദ്ദേഹം ഏതു സീറ്റ് നിലനിർത്തുമെന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടായേക്കും.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന പരസ്യ ആവശ്യവുമായി വിവിധ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാകാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് ശശി തരൂർ പറഞ്ഞു. കാർത്തി ചിദംബരം, മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും “ഇന്ത്യ’ സഖ്യത്തിലെ വിവിധ നേതാക്കളും രാഹുൽ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ദേശീയ നേതാവാണെന്ന് രാഹുൽ തെളിയിച്ചുകഴിഞ്ഞെന്ന് സഞ്ജയ് റാവത്തും രാഹുൽ എല്ലാവർക്കും സ്വീകാര്യനാണെന്ന് എൻസിപിയും ആർജെഡിയും പരാമർശിച്ചു.
2014ൽ അധികാരത്തിൽനിന്നു പുറത്തായതിനു ശേഷം ഇതാദ്യമായാണ് കോൺഗ്രസിന് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുന്നത്. 2014ലും 2019ലും സഭയിലെ ആകെ സീറ്റുകളുടെ 10 ശതമാനത്തിൽ താഴെയായിരുന്നതിനാൽ കോൺഗ്രസിനു പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചിരുന്നില്ല.