തിരുവനന്തപുരം: ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതിൽ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്.
ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് അറിയിച്ചു.
ബിജെപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കടുത്ത ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. നവയുഗ രാവണൻ ഇതാ, ഇയാൾ ധർമവിരുദ്ധൻ, രാമവിരുദ്ധൻ, ഭാരതത്തെ തകർക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്നിങ്ങനെയാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
രാവണൻ- ഒരു കോൺഗ്രസ് പാർട്ടി പ്രൊഡക്ഷൻ, സംവിധാനം ജോർജ് സോറോസ് എന്നും ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.
രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായി കോൺഗ്രസ് പറഞ്ഞു.
അതേസമയം ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു.
നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ് തുടങ്ങിയത്. ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്.
ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്.
ഗാന്ധി കുടുംബത്തില്‍ നിന്നും ഒരുതുള്ളി ചോരപൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ല. ബിജെപിയുടെ അക്രമ ആഹ്വാനത്തിനെതിരെ രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച പോസ്റ്ററുമായി ബന്ധപ്പെട്ട് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശും പ്രതിഷേധിച്ചു. ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ശക്തികളാൽ പിതാവും മുത്തശ്ശിയും വധിക്കപ്പെട്ട മുൻ കോൺഗ്രസ് അധ്യക്ഷനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനും,
പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്റ്ററെന്ന് അദ്ദേഹം ആരോപിച്ചു. പ്രിയങ്ക ഗാന്ധിയും രാവണൻ പരാമർശത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
“ഏറ്റവും ബഹുമാന്യരായ നരേന്ദ്രമോദി ജിയും ജെപി നദ്ദയും ജീയും അറിയാൻ, രാഷ്ട്രീയവും സംവാദവും ഏത് തലത്തിലേക്ക് കൊണ്ടുപോകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് പോസ്റ്റ് ചെയ്ത അക്രമപരവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? -പ്രിയങ്ക ഗാന്ധി ചോദിച്ചു.
.