ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സാധ്യതയേറി. ചിത്രം തെളിയാൻ ഇനി ഏതാനും ദിവസം കൂടി മാത്രം.
യുപിയിലെ സ്വന്തം മണ്ഡലമായ അമേഠിക്കു പുറമേ രാഹുൽ വയനാട്ടിൽനിന്നുകൂടി ജനവിധി തേടണമെന്ന കേരള നേതാക്കളുടെ ആഗ്രഹത്തോട് അതേ രീതിയിൽ കോണ്ഗ്രസ് പ്രസിഡന്റ് ക്രിയാത്മകമായി പരിഗണിക്കുമെന്ന് എഐസിസി സ്ഥിരീകരിച്ചു.
കോണ്ഗ്രസ് ഹൈക്കമാൻഡും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയും രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം വിശദമായി ചർച്ച ചെയ്ത് തീരുമാനം വൈകാതെ എടുക്കുമെന്ന് ഉന്നത നേതാവ് ദീപികയോടു സ്ഥിരീകരിച്ചു.
നിലവിൽ ഇക്കാര്യം ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, വയനാട്ടിൽ മത്സരിക്കണമെന്ന കേരള നേതാക്കളുടെ അഭ്യർഥന രാഹുലും കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതിയും സജീവമായി പരിഗണിക്കുകയാണെന്നു വ്യക്തമായി.
വയനാട്ടിനിന്നു രാഹുൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ എഐസിസി ഇന്നലെ നിഷേധിച്ചില്ല. സ്ഥിരീകരിച്ചതുമില്ല. കേരളത്തിന്റെ ആവശ്യത്തിനു നന്ദിയുണ്ടെന്നും പരിഗണിക്കുമെന്നും എഐസിസി മാധ്യമവിഭാഗം തലവൻ രണ്ദീപ് സിംഗ് സുർജേവാല പത്രസമ്മേളനത്തിൽ വ്യക്തമായി പറഞ്ഞതോടെ, പ്രധാനമന്ത്രി സ്ഥാനാർഥികളിലെ പ്രമുഖൻ കേരളത്തിന്റെ സ്വന്തമാകാൻ സാധ്യതയേറി.
വയനാട്ടിൽ രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്കുശേഷം കോണ്ഗ്രസ് തെരഞ്ഞെടുപ്പുസമിതി തീരുമാനിക്കുമെന്ന് എഐസിസി നേതാക്കൾ സൂചന നൽകി.
ഇന്നലെ രാഹുൽ ബംഗാളിലും ബിഹാറി ലും പ്രചാരണത്തിലായിരുന്നു. ഇന്നും നാളെയും ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ തുടങ്ങിയ വരും എംപിമാരും വിവിധ എംഎൽഎമാരും വയനാട് ഡിസിസിയും രാഹുലിനെ കേരളത്തിലേക്കു ക്ഷണിച്ചിരുന്നു.
കേരളത്തിനു പുറമെ കർണാടക, തമിഴ്നാട്, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസികളും രാഹുൽ ഗാന്ധിയോട് അവരുടെ സംസ്ഥാനങ്ങളിൽനിന്നുകൂടി ജനവിധി തേടണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് എഐസിസി വ്യക്തമാക്കി.
എന്നാൽ, അമേഠിയിൽ വീണ്ടും മത്സരിക്കുന്നതിനാൽ രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്നുണ്ടെങ്കിൽ അതു ദക്ഷിണേന്ത്യയിലെ കേരളത്തിൽ നിന്നു മതിയെന്നാണു കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
അമേഠിയിൽ പരാജയഭീതി കൊണ്ടാണ് വയനാട്ടിൽനിന്നുകൂടി മത്സരിക്കുന്നതെന്ന ബിജെപിയുടെ ആക്ഷേപത്തെ കോണ്ഗ്രസ് പുച്ഛിച്ചു തള്ളി. 2014ൽ മോദിതരംഗം ആഞ്ഞടിഞ്ഞടിച്ച് 80ൽ 73 സീറ്റുകളും ബിജെപി നേടിയപ്പോഴും രാഹുലും അമ്മ സോണിയയും അമേഠിയിൽനിന്നും റായ്ബറേലിയിൽനിന്നും ജയം ആവർത്തിച്ചതു ബിജെപി മറക്കാനിടയില്ല.
അമേഠി ഉറച്ച കോട്ടയാണെങ്കിലും ദേശീയ നേതാവെന്ന നിലയിൽ രാജ്യമെന്പാടും പ്രചാരണത്തിനു പേകേണ്ടതിനാലും ദക്ഷിണേന്ത്യയിൽ കോണ്ഗ്രസിനു വൻവിജയം സമ്മാനിക്കാനും കേരളത്തിലെ മത്സരം സഹായിക്കുമെന്നതാണു പ്രധാനം.
2014ൽ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിലും യുപിയിലെ വാരണാസിയിലുംനിന്ന് ഒരേസമയം ജനവിധി തേടിയതു പരാജയഭീതി കൊണ്ടായിരുന്നോയെന്നു ബിജെപി തുറന്നു പറയണമെന്നു കോണ്ഗ്രസ് നേതാക്കൾ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ പ്രധാന നേതാവെന്ന നിലയിൽ രണ്ടു പ്രദേശങ്ങളിൽനിന്നു മത്സരിക്കുന്നത് പാർട്ടിയുടെ ആ മേഖലകളിലെ വിജയത്തെ കാര്യമായി സ്വാധീനിക്കുമെന്നതാണു ചരിത്രം.
ബിജെപി ദുർബലമായ കേരളത്തിലും ദക്ഷിണേന്ത്യയിലും കോ ൺഗ്രസ് വൻവിജയം നേടുന്നതു കേന്ദ്രത്തിൽ സർക്കാർ രൂപീകരണത്തിനു രാഹുലിനു നിർണായകമാകുകയും ചെയ്യും.
കേരള ജനതയ്ക്കു നന്ദി, ആവശ്യം പരിഗണിക്കും
“”വയനാട്ടിൽനിന്നോ, അല്ലെങ്കിൽ കേരളത്തിലെ മറ്റേതെങ്കിലും മണ്ഡലത്തിൽനിന്നോ മത്സരിക്കണമെന്നു കെപിസിസിയും പ്രവർത്തകരും നേതാക്കളും കേരളത്തിലെ ജനങ്ങളും രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചിട്ടുണ്ട്. കേരളജനതയുടെ രാഹുലിനോടുള്ള അതിയായ വാത്സല്യത്തിനും ആദരവിനും അഭ്യർഥനയ്ക്കും അവരോടു നന്ദിയുണ്ട്. അമേഠിയാണു തന്റെ കർമഭൂമിയെന്ന് ഒന്നിലേറെ തവണ രാഹുൽജി പറഞ്ഞിട്ടുണ്ട്. അത് അങ്ങനെതന്നെ തുടരുകയും ചെയ്യും.’’കോൺഗ്രസ് വക്താവ് സുർജേവാല പറഞ്ഞു.
“എന്നാൽ ഏതെങ്കിലും സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന്, ഇത്തവണ കേരളത്തിൽനിന്ന്, ഇത്തരത്തിലുള്ള അഭ്യർഥനകളും നിർദേശങ്ങളും ഉയരുന്പോഴെല്ലാം ഞങ്ങൾ തലകുനിച്ച് നന്ദി പറയും. കേരള ജനതയുടെ ആദരവിനും വാത്സല്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് കോണ്ഗ്രസ് പ്രസിഡന്റ് അതേ രീതിയിൽ തന്നെ ഈയാവശ്യം പരിഗണിക്കും’’. സുർജേവാല വ്യക്തമാക്കി.
ജോർജ് കള്ളിവയലിൽ