എരുമേലി: രാഹുൽ ഗാന്ധിയുടെ വരവോടെ കേരളം രാഹുൽ എഫക്ടിലേക്ക് തിരിയുന്നതിന്റെ സൂചനകൾ പ്രകടമായതിനൊപ്പം തീപാറുന്ന വെല്ലുവിളിക്ക് മൂർച്ച കൂട്ടാൻ അപരനെ രംഗത്തിറക്കാൻ അണിയറയിൽ തകൃതിയായി നീക്കം. കോട്ടയം ജില്ലയിൽ എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിൽ താമസിക്കുന്ന യുവാവിനെ അപരനായി രംഗത്തിറക്കാൻ ഒരുങ്ങുന്നതായി സൂചന.
ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തായതോടെ ഈ യുവാവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വ്യാഴാഴ്ച യുവാവ് വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകുമെന്നാണ് സൂചനകൾ. ഇതറിഞ്ഞ് പത്രിക നൽകാതിരിക്കാൻ ചിലരിൽ നിന്നും സമ്മർദ്ദം ഉണ്ടായതോടെയാണ് യുവാവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പറയപ്പെടുന്നു.
യുവാവിന്റെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആണ്. രാഹുൽ എന്ന് പേരുള്ള ഈ യുവാവിന്റെ പേര് രാഹുൽ ഗാന്ധി എന്നും അനുജന്റെ പേര് രാജീവ് ഗാന്ധി എന്നുമാണ്. ഇരുവർക്കും അച്ഛൻ ആണ് ഈ പേരുകൾ നന്നേ ചെറുപ്പത്തിൽ തന്നെ നൽകിയത്. സജീവ കോണ്ഗ്രസ് പ്രവർത്തകനായിരുന്ന അച്ഛൻ ഗാന്ധി കുടുംബത്തിനോടുള്ള ആരാധനയിൽ ഈ പേരുകൾ മക്കൾക്ക് നൽകിയെങ്കിലും മക്കൾ വളർന്നപ്പോൾ കടുത്ത ഇടതുപക്ഷ അനുകൂലികളായി മാറി.
രാഹുൽ സിപിഎമ്മിൽ സജീവ പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമാണ്. നാടൻ പാട്ടുകളിലൂടെ ഫോക്ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ് അടുത്തയിടെ നേടുകയും ഇപ്പോൾ തിരുവനന്തപുരത്ത് പഠനവുമായി താമസമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും രാഹുൽ ഗാന്ധിക്ക് അപരൻ മത്സരിക്കാൻ നീക്കമുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അത് ഈ യുവാവാണെന്നാണ് ഇപ്പോൾ സൂചനകൾ വ്യക്തമായിരിക്കുന്നത്.
കെ.ഇ. രാഹുൽ എന്നായിരുന്നു പേര്. അടുത്തയിടെ വോട്ടർപട്ടികയിൽ രേഖകൾ സമർപ്പിച്ച് പേര് രാഹുൽ ഗാന്ധി എന്നാക്കി മാറ്റം വരുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.