ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രംഗത്ത്. മുൻ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖിന്റെ മകനും യൂത്ത് കോൺഗ്രസ് മുംബൈ മുൻ അധ്യക്ഷനുമായ സീഷാൻ സിദ്ദിഖാണ് പാർട്ടിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാന്റെ ആരോപണം. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം.
രാഹുൽ ഗാന്ധിയുടെ ടീം അംഗങ്ങളിൽ ഒരാൾ യാത്രയിൽ നിന്നും തന്നെ പുറത്താക്കി. ആദ്യം പോയി 10 കിലോ കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം എന്നായിരുന്നു ഇയാൾ പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും ഇയാൾ കാര്യമാക്കിയില്ലെന്ന് സീഷാൻ പറഞ്ഞു.
‘രാഹുൽ ഗാന്ധിയുടെ കൂടെയുളളവർ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ആരിൽ നിന്നോ പണം വാങ്ങി കോൺഗ്രസിനെ നശിപ്പിക്കുന്നത് പോലെയാണ് ഇവരുടെ പെരുമാറ്റം. രാഹുൽ ഗാന്ധി നല്ലവനാണ്, അദ്ദേഹം തന്റെ ജോലി ചെയ്യുന്നു. എന്നാൽ മറ്റുളളവരോട് വളരെ മോശമായാണ് അദ്ദേഹത്തോടൊപ്പമുള്ളവർ പെരുമാറുന്നത്. ഇത് രാഹുൽ ഗാന്ധി തിരിച്ചറിയുന്നില്ല. പാർട്ടിയെ തുലയ്ക്കണമെന്നുള്ള പെരുമാറ്റമാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മല്ലികാർജുൻ ഖാർഗെ എനിക്ക് പിതാവിനെപ്പോലെയാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷനായിട്ട് പോലും അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുന്നു, പലപ്പോഴും അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന്’- സീഷാൻ കൂട്ടിച്ചേർത്തു.
സീഷാന്റെ പിതാവ് ബാബാ സിദ്ദിഖ് പാർട്ടിയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സീഷാൻ സിദ്ദിഖിനെ ബുധനാഴ്ച മാറ്റിയിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബാ സിദ്ദിഖ് അജിത് പവാർ നയിക്കുന്ന എൻസിപിയിലാണ് അംഗത്വമെടുത്തത്.