അമ്പലപ്പുഴ: രാഹുൽഗാന്ധിയെ കണ്ട് പാഴ്വസ്തുക്കളിൽ ക്യാമറ ഘടിപ്പിച്ചു താൻ നിർമ്മിച്ച ഡ്രോൺ വിശേഷങ്ങൾ പങ്കുവെച്ചതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് ഇൻസാഫ്.
നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിന്റെ മകനാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി ഇൻസാഫ്.
നാലു വർഷത്തിനിടയിൽ മൂന്ന് തവണ നിർമിച്ചങ്കിലും പരിശീലന പറക്കലിൽ തകരാർ സംഭവിച്ചിട്ടും പിൻമാറാതെ നാലാം തവണ ഡ്രോൺ നിർമ്മിച്ചു പറത്തി വിജയകരമായി പൂർത്തീകരിക്കുകയായിരുന്നു ഇൻസാഫ്.
വിദ്യാർഥിയുടെ മികവും കഴിവും കെ.സി വേണുഗോപാൽ എം.പി രാഹുൽഗാന്ധിയോട് വിശദീകരിച്ചതിനെതുടർന്നാണ് കാണുവാൻ അവസരം ലഭിച്ചത്.
15 മിനിറ്റോളം നിർമ്മാണത്തെക്കുറിച്ചും മറ്റും സംസാരിച്ച രാഹുൽഗാന്ധി ഭാവിയിൽ പൈലറ്റ് ആകണമെന്ന വിദ്യാർത്ഥിയുടെ ആഗ്രഹത്തിന് ഉൾപ്പടെ എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.