സെബി മാത്യു
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹത്രാസിലെ ബൂൽഗദിയിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും ഇന്നലെ സംസാരിച്ചതോടെ യോഗി ആദിത്യനാഥ് സർക്കാർ കടുത്ത പ്രതിരോധത്തിലായി .
പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവരുടെ കുടുംബത്തിന് സുരക്ഷ അനിവാര്യമെന്നും ഇരുവരും പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയർന്നതും യോഗി സർക്കാരിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴരയോടെ ബൂൽഗദിയിൽ എത്തിയ രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾക്കൊത്ത് ഒരു മണിക്കൂറോളം ചെലവഴിച്ചു.
ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ രാഹുലിനെയും സംഘത്തെയും പോലീസ് തടഞ്ഞതുമൂലമാണു യാത്ര വൈകിയത്. ഇരുവർക്കും പിന്തുണയുമായി നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവർത്തകർ എത്തിയതോടെ വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു.
നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്ന അവിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. പിന്നീടാണ് നാലംഗ കോണ്‍ഗ്രസ് സംഘത്തെ ഹത്രാസിലേക്ക് പോകാൻ അനുവദിച്ചത്.
രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം, ഹത്രാസിൽ മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീടും പരിസരവും യുപി പോലീസ് ഡ്രോണ്‍ നിരീക്ഷണത്തിലാക്കി. ഇന്നലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് മാധ്യമങ്ങളോടു സംസാരിക്കാൻ കഴിഞ്ഞത്.
ഇംഗ്ലീഷ് അറിയില്ലല്ലോ എന്നു പറഞ്ഞ് പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും തങ്ങളെ കാണിച്ചില്ലെന്നു പെൺകുട്ടിയുടെ സഹോദരൻ സഞ്ജീവ് പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് തങ്ങൾക്കു നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. സിബിഐ അന്വേഷണത്തിലും വിശ്വാസമില്ല. കേസ് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.