പ്രത്യേക ലേഖകൻ
തൃശൂർ: കോണ്ഗ്രസ് സ്ഥാനാർഥിത്വം സംബന്ധിച്ച് രാഹുൽഗാന്ധി കേരള നേതാക്കളുമായി കാര്യമായ ചർച്ചയൊന്നും നടത്തിയില്ല. കേരളത്തിലെ സ്ഥാനാർഥികളെ കേരള നേതാക്കൾതന്നെ തീരുമാനിക്കൂവെന്ന നിലപാടിലായിരുന്നു രാഹുൽ. കേരളത്തിലെ നേതാക്കൾ തമ്മിൽ ധാരണയായശേഷം നാളെ നടക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചാൽ മതിയെന്ന നിലപാട് കേരള നേതാക്കളെ അറിയിച്ചു.
ഇന്നലെ രാത്രി 8.45 ന് തൃശൂർ രാമനിലയത്തിൽ എത്തിയ രാഹുൽഗാന്ധി ആരുമായും വിശദമായ കൂടിക്കാഴ്ച നടത്തിയില്ല. ക്ഷീണിതനായിരുന്ന അദ്ദേഹം അത്താഴം കഴിച്ച് വിശ്രമിച്ചു. രാവിലെ കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിശദമായ സ്ഥാനാർഥി ചർച്ചകൾ ഉണ്ടായില്ല.
എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കേരളത്തിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശൂരനാട് രാജശേഖൻ തുടങ്ങിയവർ രാമനിലയത്തിൽ ഉണ്ടായിരുന്നു.
രാവിലെ പത്തുമണിയോടെയാണ് തൃപ്രയാറിലെ പരിപാടിക്കു പുറപ്പെടുന്നതിനു തൊട്ടു മുന്പ് ഈ നേതാക്കളുമായി രാഹുൽഗാന്ധി പത്തു മിനിറ്റു മാത്രമാണു കൂടിക്കാഴ്ച നടത്തിയത്. ഇതല്ലാതെ മറ്റൊരു ചർച്ചയും ഉണ്ടായില്ല. മുതിർന്ന കോണ്ഗ്രസ് പി.സി. ചാക്കോ, കെ.വി. തോമസ്, ബെന്നി ബഹനാൻ തുടങ്ങിയ നേതാക്കൾ തൃപ്രയാറിലെ സമ്മേളന നഗരിയിൽ എത്തി രാഹുലിനെ കണ്ടു.
ഇന്നു രാവിലെ തൃശൂരിലെ വ്യവസായ, വാണിജ്യ പ്രമുഖർ രാമനിലയത്തിൽ എത്തി രാഹുൽഗാന്ധിക്ക് ആശംസകൾ അർപ്പിച്ചു. പി.എം. തോമസ്, സി.എ. സലീം, ഡോ. എം. ജയപ്രകാശ്, എം.ആർ. ഫ്രാൻസിസ്, ജോസ് ഫ്രാൻസിസ് കിണറ്റിങ്കൽ, പോളി തോമസ്, പി.ടി. മാനുവൽ തുടങ്ങിയവരാണ് രാഹുലിനെ സന്ദർശിച്ചത്. തൃശൂരിലെ നേതാക്കളായ ടി.എൻ. പ്രതാപൻ, എം.പി. വിൻസെന്റ്, ഷാജി കോടങ്കണ്ടത്ത്, ജോസ് വള്ളൂർ തുടങ്ങിയവർ രാമനിലയത്തിൽ ഉണ്ടായിരുന്നു.