തലശേരി: പാനൂർ സ്ഫോടനക്കേസ് അന്വേഷണത്തിൽ പോലീസിനെ വിശ്വാസമില്ലെന്നും യൂണിഫോംഡ് തെളിവു നശിപ്പിക്കൽ സേനയായി പോലീസ് മാറിയിരിക്കുകയാണെന്നും യൂത്ത് കോൺ ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും.
ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെങ്കിൽ ആർഎസ്എസിന്റെ പോഷക സംഘടനയാണോയെന്ന് അവർ വ്യക്തമാക്കണമെന്നും ഇരുവരും പറഞ്ഞു. പാനൂരിൽ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുലും ഫിറോസും.
ബോംബ് സ്ഫോടനക്കേസ് സിപിഎമ്മിനൊപ്പം ചേർന്ന് അട്ടിമറിക്കുകയാണ് പോലീസ്. കേരളാ പോലീസിന്റെ അന്വേഷണം ഒരു തരത്തിലും നീതിയുക്തമായിരിക്കില്ല. ആര് കുപ്പിച്ചില്ല് വാങ്ങി, ആര് മുള്ളാണി വാങ്ങി എന്ന അന്വേഷണത്തിനപ്പുറം എവിടേക്കാണിതിന്റെ സപ്ലൈയെന്നോ, ആർക്കു വേണ്ടിയാണെന്നോ വ്യക്തമായിട്ടില്ല.
ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. ആർഎസ്എസിന്റെ പോഷക സംഘടനയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഈ വിഷയത്തിൽ കൃത്യമായ മറുപടി പറയേണ്ട ബാധ്യത സംസ്ഥാന സെക്രട്ടറിക്കുണ്ട്. ഈ മാസം 17 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വി. സുരേന്ദ്രൻ, കെ.പി. സാജു, സന്തോഷ് കണ്ണംവെള്ളി, സി.കെ. മുഹമ്മദലി, വി.കെ. ഷിബിന, സി.കെ. നജാഫ് എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.