കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാക്കൂട്ടത്തിൽ കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു രാവിലെ കണ്ണൂരിൽ എത്തിച്ചേർന്ന രാഹുൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്.വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു.
പ്രതികളുടെ കൈവശമുള്ള ലാപ്ടോപ്പിൽ നിന്നും ഫോണുകളിൽ നിന്നും വ്യാജ കാർഡിന്റെ കോപ്പികൾ ഉൾപ്പെടെ ലഭിച്ചിരുന്നു. സംശയമുള്ള പലരും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാക്കൂട്ടത്തിനെ ചോദ്യംചെയ്യുവാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്.
വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്റെ പ്രതികരണവും ഇതുവരെയുണ്ടായിട്ടില്ല. ഇതിനിടയിലാണ് ഇന്നു രാവിലെ രാഹുൽ മാക്കൂട്ടത്തിൽ കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്.