തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വഭാവികമാണെന്നും കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ നേരത്തേയും എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കള്ള മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന് ഗോവിന്ദൻ ആരോപിച്ചു.
കള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതി പരിശോധിച്ചശേഷമാണ് ജാമ്യം നിഷേധിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. സമരം നടത്തിയാൽ ജയിലിൽ കിടക്കേണ്ട ആർജവം കാട്ടേണ്ടി വരുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു.