പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി സംബന്ധിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അടൂർ സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അടൂര്‍ സ്വദേശികള്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളെന്നു റിപ്പോർട്ട്.
സമീപവാസികളായ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ പോകുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളായ ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് അഭയംവീട്ടില്‍ അഭിവിക്രമന്‍, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന് കുഴിയില്‍ ബിനില്‍ ബിനു, ഫെനി, വികാസ് കൃഷ്ണന് എന്നിവരാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലായത്.
സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയക്കും.
അന്വേഷണത്തിനോട് യാതൊരു തരത്തിലും പ്രതിരോധിക്കില്ലെന്നും പക്ഷേ അതിനു പുറകിലുള്ള രാഷ്ട്രീയത്തിനോട് എതിർത്തു നിൽക്കുമെന്നും രാഹുൽ പ്രതികരിച്ചു. പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്.
ഒരുപാടു നേതാക്കളുടെ പിന്തുണയുണ്ടായി. എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുമായും തനിക്ക് ബന്ധമുണ്ട്. പക്ഷേ അതിന്റെ പേരിൽ പ്രവർത്തകരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിനെ സംരക്ഷിക്കില്ല.
കസ്റ്റഡിയിൽ ഉള്ളവർ തന്റെ നാട്ടുകാരായ പ്രവർത്തകരാണ്. അവരുമായി വ്യക്തിപരമായി നല്ല ബന്ധമുണ്ട്. എന്നാൽ ഇതുവരെ അന്വേഷണ സംഘം തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടാൽ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും നെഞ്ച് വേദന വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം അടൂരാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചെന്ന സൂചനയ്ക്കു പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.
ഇവരുടെ വീടുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. ബിനില്‍ കെഎസ് യു മണ്ഡലം പ്രസിഡന്റും അഭി വിക്രമന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കേരള ബാങ്ക് പത്തനംതിട്ട ശാഖാ ജീവനക്കാരനുമാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വികാസ് കൃഷ്ണനെ രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്. വിവിധ എഡിറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ചും വ്യാജ ഐഡി കാര്ഡുകളുണ്ടാക്കിയെന്നു സൈബര്‍ ഡോം നടത്തിയ അന്വേഷണത്തിൽ വ്യക്തമായെന്നു പോലീസ് പറയുന്നു.