തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം. പ്രവർത്തകരെ പോലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രണ്ട് പോലീസ് ബസിന്റെ ചില്ല് തകർത്തു.
പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ റോഡിൽ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
യൂത്ത് കോൺഗ്രസ് ഗാന്ധിയൻമാർ ആണെന്ന തെറ്റിധാരണ ഉണ്ടങ്കിൽ അത് മാറ്റിയേക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇനി തെരുവിൽ തല്ലു കൊള്ളാനില്ല. തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കും.
ഇത്രെയറേ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പോലീസ് തല്ലി പരിക്കേൽപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞപ്പോൾ പോലീസ് ബസിൽ ഇട്ടും അവരെ തല്ലിച്ചതച്ചു. അവരെ ആശുപത്രിയിൽ എത്തിക്കുന്നതു വരെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും രാഹുൽ പറഞ്ഞു.