സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭൂചലനത്തിൽ ഉത്തരേന്ത്യ ആകമാനം ആടിയുലഞ്ഞിട്ടും ലൈവ് ചർച്ചയ്ക്കിടെ കുലുങ്ങാതെ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഭൂചലനം അനുഭവപ്പെട്ട സമയത്ത് ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി ഓണ്ലൈനിൽ ചർച്ച നടത്തുകയായിരുന്നു രാഹുൽ.
ഭൂചലനം ഉണ്ടായപ്പോൾ തന്റെ മുറി മുഴുവൻ കുലുങ്ങുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം, ഭാവഭേദങ്ങളൊന്നുമില്ലാതെ ചർച്ച തുടരുകയും ചെയ്തു.
സംഭവം കഴിഞ്ഞതോടെ രാഹുൽ ഗാന്ധിയെ പ്രശംസിക്കുന്ന ട്വീറ്റുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം സാമാന്യം ഭേദപ്പെട്ട ചലനം രേഖപ്പെടുത്തിയിരുന്നു. ഇതേ സമയത്താണ് ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി ലൈവ് ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുത്തത്.
കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന നിലപാടിനെക്കുറിച്ചായിരുന്നു ചർച്ച.
അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. തന്റെ മുറി മുഴുവൻ കുലുങ്ങുന്നുണ്ടെന്നും ഭൂചലനമാണെന്നു കരുതുന്നതായും രാഹുൽ സംസാരിക്കുന്നതിനിടെ കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇതു കേട്ട് ചർച്ചയിൽ പങ്കെടുത്തവർ നടുങ്ങിയെങ്കിലും രാഹുൽ ഗാന്ധി ചെറുപുഞ്ചിരിയോടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് തുടരുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രാഹുലിനെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങൾ രംഗത്തെത്തിയത്.
അതേസമയം, ഇത്രയധികം തീവ്രതയേറിയ ഭൂചലനം 2005നു ശേഷമുണ്ടായതായി തോന്നിയിട്ടില്ലെന്നു ട്വീറ്റ് ചെയ്ത ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കൈയിൽ കിട്ടിയ പുതപ്പുമെടുത്ത് വീടിനു പുറത്തേക്ക് ഓടിയെന്നു പറഞ്ഞു. ഫോണ് എടുത്തോ എന്നുപോലും ഓർമ കിട്ടുന്നില്ല.
2005നു ശേഷം ഇതാദ്യമായാണ് ശ്രീനഗറിലെ തന്റെ വീട്ടിൽനിന്നു പുറത്തേക്കിറങ്ങി ഓടാൻ തോന്നിയത്ര ഭൂമികുലുക്കം അനുഭവപ്പെട്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.