ന്യൂഡൽഹി: പാർലമെന്റിലേക്ക് സൈക്കിൾ ചിവിട്ടി രാഹുൽ ഗാന്ധി പതിയെ ജനമനസുകളിലേക്കു കയറി.
ട്രാക്ടറിൽ പാർലമെന്റിലെത്തി ഒരാഴ്ച പിന്നിടുന്പോഴാണ് 51-കാരനായ രാഹുൽ ഇന്നലെ പ്രതിപക്ഷ എംപിമാരോടൊപ്പം സൈക്കിളിൽ പാർലമെന്റിലേക്കു റാലി നടത്തിയത്.
ഇന്ധനവില വർധനയക്കെതിരേയായിരുന്നു പ്രതിപക്ഷ നേതാക്കളോടൊപ്പം രാഹുൽ ഇന്നലെ നഗരത്തിലൂടെ സെക്കിളിൽ സവാരി നടത്തിയത്.
റാഫി മാർഗിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബി ൽ പ്രതിപക്ഷ നേതാക്കൾക്കായി രാഹുൽ നടത്തിയ പ്രഭാതഭക്ഷണ യോഗത്തിനു ശേഷമായിരുന്നു സൈക്കിൾ റാലി.
രാഹുലിന്റെ സൈക്കിൾ യാത്ര കാണാൻ നിരവധിയാളുകൾ റോഡിനിരുവശവും കൂടി. ചെറുപ്പക്കാരെ പ്പോലെ വളരെ അനായാസമായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ സൈക്കിൾ യാത്രയെന്നതും ശ്രദ്ധേയമായി.
ഇന്ധന
വിലവർധനവിനെതിരേയുള്ള പ്രതിഷേധ പോസ്റ്ററും സൈക്കിളിനു മുന്നിലുണ്ടായിരുന്നു.
ജനങ്ങൾ വിഷമിക്കുകയാണ്. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയ്ക്കെതിരേ സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു മാർഗമാണ് സൈക്കിൾ സവാരി- രാഹുൽ പറഞ്ഞു.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ നിരവധി എംപിമാരും സൈക്കിൾ റാലിയിൽ രാഹുലിനെ അനുഗമിച്ചു.
കോവിഡും വിലക്കയറ്റവും കൊണ്ടു ജനം വലയുന്പോഴും കണ്ണിൽച്ചോരയില്ലാതെ ജനങ്ങളെ വീണ്ടും പിഴിയുന്ന സമീപനമാണു ബിജെപി സർക്കാരിന്റേതെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി.
പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ട് ഓടി രാഹുലിന്റെ ഒപ്പമെത്താൻ പ്രയാസപ്പെട്ടെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാതെ സംഘം വിജയ് ചൗക്ക് ചുറ്റി പാർലെമെന്റിലെത്തി.
മോദി സർക്കാരിന്റെ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരേ കൂടുതൽ ശക്തമായ പ്രക്ഷോഭം ഇനിയുമുണ്ടാകുമെന്നു രാഹുലിന്റെ വിശ്വസ്തനും കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവനുമായ രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു.
രാജ്യദ്രോഹമായ പെഗാസസ് ചാരപ്പണിയെക്കുറിച്ച് ചർച്ചയും അന്വേഷണവും പറ്റില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാടു തിരുത്തും വരെ പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.