മാണ്ഡ്യ: ഭാരത് ജോഡോ യാത്രയ്ക്കിടെ സോണിയാഗാന്ധിയുടെ ഷൂസ് കെട്ടിക്കൊടുക്കുന്ന രാഹുലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
യാത്രയിൽ പങ്കെടുക്കാനായി എത്തിയ സോണിയ കാറിൽനിന്നിറങ്ങി നടന്നുനീങ്ങവേ അമ്മ ധരിച്ചിരിക്കുന്ന ഷൂസ് ശരിയായ വിധത്തിലല്ല കെട്ടിയിരിക്കുന്നതെന്നു രാഹുൽ കാണുകയും മുന്നോട്ടുവന്ന് ഷൂസ് ശരിയായ രീതിയിൽ കെട്ടുകയുമായിരുന്നു.
ഷൂസ് നേരേയിടാൻ അമ്മയോടു പറയാതെ രാഹുൽ നേരിട്ടെത്തി അതു ചെയ്തുകൊടുത്തതിന്റെ വീഡിയോ ‘അമ്മമാരെ ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവർ മാതൃരാജ്യത്തെയും അതുപോലെ ബഹുമാനിക്കും’ എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് കർണാടക ഘടകം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു.
സോണിയഗാന്ധിയുടെ ഓരോ ചുവടിലും ദൃഢതയും വിശ്വാസവും ക്ഷമയും നിശ്ചയദാർഢ്യവും പ്രതിബദ്ധതയും വ്യക്തതയും സഹനവും വാത്സല്യവും സഹിഷ്ണുതയും മാതൃത്വത്തിന്റെ മാധുര്യവും രാജ്യത്തോടുള്ള അതിരുകവിഞ്ഞ സ്നേഹവും അവഹേളനങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവും പ്രകടമാണെന്നു കോൺഗ്രസിന്റെ സമൂഹമാധ്യമവിഭാഗം പോസ്റ്റ് ചെയ്തു.