എരുമേലി: ഇന്നലെ എരുമേലിയിൽ രാഹുൽ ഗാന്ധിയെ കാണാൻ താൻ വരച്ച ചിത്രവുമായി 14 കാരൻ ഓസ്റ്റിൻ കാത്തുനിന്നത് മണിക്കൂറുകൾ.
ചിത്രം കൊടുക്കാൻ കഴിയാതെ മടങ്ങിയെങ്കിലും എരുമേലി സെന്റ് തോമസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഓസ്റ്റിന് ഒട്ടും നിരാശ തോന്നിയില്ല. രാഹുൽ ഗാന്ധിക്ക് ചിത്രം നൽകാൻ ഇനി അവസരം വരുമെന്നാണ് ഓസ്റ്റിന്റെ പ്രതീക്ഷ.
മഹാത്മാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രം വരച്ചിട്ടുണ്ട് ഓസ്റ്റിൻ. മഹാത്മാഗാന്ധിയെ ഏറെ ഇഷ്ടപ്പെടുന്ന അയൽവാസിയായ വയോധികന് മഹാത്മാഗാന്ധിയുടെ ചിത്രം സമ്മാനമായി നൽകി.
ഈ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ചിത്രം വരച്ച് ഓസ്റ്റിൻ നൽകിയിരുന്നു.
പെൻസിൽ കൊണ്ടാണ് ഓസ്റ്റിൻ ചിത്രങ്ങൾ വരയ്ക്കുന്നത്. ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് എല്ലാമെന്ന് സ്കൂളിലെ എൻസിസി അധ്യാപകൻ രാജീവ് പറയുന്നു.
പോലീസിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ എരുമേലി നൈനാർ മസ്ജിദിൽ ഓസ്റ്റിൻ രാഹുൽ ഗാന്ധിയെ കാണാൻ കാത്തുനിന്നത്.
എന്നാൽ, രണ്ടുമണിക്കൂർ വൈകിയെത്തിയതിനാൽ പെട്ടെന്ന് പരിപാടി അവസാനിപ്പിച്ച് രാഹുൽ ഗാന്ധി മടങ്ങി.
ഇനി എപ്പോഴെങ്കിലും രാഹുൽ ഗാന്ധിയെ കണ്ട് കൈമാറാൻ കഴിയുമെന്ന പ്രതീക്ഷയോടെ ചിത്രം നിധിപോലെ സൂക്ഷിച്ചുവച്ചിരിക്കുകയാണ് ഓസ്റ്റിൻ.
ദില്ലിയിലാണ് മുമ്പ് ഓസ്റ്റിനും മാതാപിതാക്കളും കഴിഞ്ഞിരുന്നത്. എരുമേലി സ്വദേശികളായ ഇവർ നാട്ടിലെത്തിയതോടെ മകൻ ഓസ്റ്റിനെ എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ ചേർക്കുകയായിരുന്നു.
പാരമ്പര്യമായി കിട്ടിയ ചിത്ര രചനാ വൈഭവമാണ് ഓസ്റ്റിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെ മികവെന്ന് അധ്യാപകർ പറയുന്നു.