എരുമേലി: പീഡനക്കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി ഫോണ് ബസിൽ ഉപേക്ഷിച്ച് വീട്ടിലെത്തിയ എരുമേലി സ്വദേശി യുവാവ് അറസ്റ്റിൽ.
17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എരുമേലി ഇരുന്പൂന്നിക്കര കോച്ചേരിയിൽ രാഹുൽ രാജ് (23) അറസ്റ്റിലായത്.
പരാതിയിൽ അന്വേഷണം നടത്തി കേസ് എടുത്ത പോലീസ് പ്രതിയെ തിരക്കി ആദ്യം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
പോലീസ് എത്തിയതറിഞ്ഞ് പ്രതി മുങ്ങിയെന്ന് ബോധ്യമായതോടെ പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മണിപ്പുഴയിൽ ഉണ്ടെന്ന് പോലീസിന് മനസിലായി.
തുടർന്ന് മണിപ്പുഴയിൽ പോലീസ് എത്തിയെങ്കിലും പ്രതി സ്ഥലം വിട്ടിരുന്നു. തന്റെ ഫോണ് ലൊക്കേഷൻ മനസിലാക്കി പോലീസ് തന്നെ പിന്തുടരുകയാണെന്ന് സംശയം തോന്നിയ പ്രതി എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തിയ ശേഷം തന്റെ ഫോണ് കോട്ടയത്തേക്കുള്ള ബസിൽ ഉപേക്ഷിച്ചു തിരികെ മടങ്ങി.
പോലീസ് ഇനി എത്തില്ലെന്ന ഉറച്ച വിശ്വാസത്തിൽ തിരിച്ചു മണിപ്പുഴയിൽ പ്രതി എത്തുന്പോൾ അവിടെ പ്രതിയെയും കാത്തുനിൽക്കുകയായിരുന്നു പോലീസ്.
പ്രതിയെ പിടികൂടി ഈ പോലീസ് സംഘം എത്തുന്പോൾ മറ്റൊരു സംഘം പോലീസ് പ്രതി ബസിൽ ഉപേക്ഷിച്ച ഫോണ് കണ്ടെത്തി കൊണ്ടുവരുകയും ചെയ്തു.
മലയാള സിനിമ ദൃശ്യം സ്റ്റൈലിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കൈയോടെ പിടിക്കാൻ കഴിഞ്ഞെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എരുമേലി എസ്ഐ എം.എസ്. അനീഷ് പറഞ്ഞു.