ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചു പ്രതീക്ഷയോടെ പുതുവർഷത്തിലേക്കു നടന്നു കയറാമെന്ന കണക്കുകൂട്ടലിലായിരുന്നു രാഹുലും രഞ്ജിത്തും. എന്നാൽ, എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി.
നെയ്യാറ്റിൻകര പോങ്ങില്‍ നാടിനെ നടുക്കിയ സംഭവത്തിലൂടെ അനാഥരായ രണ്ടു കുട്ടികള്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാരും ആശ്വാസവാക്കുകളുമായി വിവിധ രാഷ്ട്രീ യസംഘടനകളും നേതാക്കളും എത്തിയിട്ടുണ്ടെങ്കിലും ,രാജന്റെയും അന്പിളിയുടെയുടെയും മരണത്തിലൂടെ രാഹുലിന്റെയും രഞ്ജിത്തിന്റെയും മനസുകളിൽ ആശങ്കകളുടെ കനല് എരിയുകയാണ്.
വീട്ടുമുറ്റത്തെ കോണില്‍ മാതാപിതാക്കളുടെ കുഴിമാടങ്ങളിൽ നിന്നു കണ്ണെടുക്കാൻ അവർക്കാവുന്നില്ല. അവിടെ ഉറങ്ങുന്നത് എല്ലാപേരെയും സ്നേഹിക്കാന്‍ പഠിപ്പിച്ച പിതാവും സങ്കടവേളകളില്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച അമ്മയുമാണ്.
ദുര്‍ബലമായ തകരഷീറ്റുകള്‍ അടുക്കിക്കൂട്ടിയ ചുമരുകൾക്കിടിയിൽ ഇത്തിരി പോന്ന മുറിയിലാണു നാലുപേരും നാലുവർഷമായി കഴിഞ്ഞിരുന്നത്. മെഴുകുതിരിയുടെ നുറുങ്ങുവെട്ടത്തിലാണ് രാഹുലും രഞ്ജിത്തും പഠിച്ചത്.
വൈദ്യുതീകരിച്ച നല്ലൊരു വീട് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാർഥ്യമാക്കാൻ മക്കൾ ഇരുവരും മാതാപിതാക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു. രാഹുല്‍ വര്‍ക്ക് ഷോപ്പിലും രഞ്ജിത്ത് അപ്ഹോള്‍സ്റ്ററി കടയിലുമാണ് ജോലി ചെയ്യുന്നത്.
ആശാരിപ്പണിക്കാരനായിരുന്ന പിതാവ് ബുദ്ധിമുട്ടുകൾക്കിടയിലും വഴിയരികില്‍ വിശന്നു കിടക്കുന്നവരെ കണ്ടെത്തി അവർക്ക് ആവുംവിധം ഭക്ഷണം വിതരണം ചെയ്തിരുന്നു.
മരണത്തിനു കീഴടങ്ങും മുന്‍പ് ഇക്കാര്യം പിതാവ് തങ്ങളെ ഓര്മിപ്പിച്ചിരുന്നുവെന്ന് രാഹുലും രഞ്ജിത്തും വിതുന്പലോടെ പറഞ്ഞു. മരിച്ചുപോയാൽ ആ ദൗത്യം ഏറ്റെടുത്തു ചെയ്യണമെന്നും രാജൻ നിർദേശിച്ചു.
പിതാവിന്റെ മൃതദേഹം സംസ്കരിക്കാൻ ഇളയവനായ രഞ്ജിത്ത് മണ്‍വെട്ടിയുമായി ആഴത്തില്‍ കുഴിയെടുക്കുന്പോള്‍ തടയാന്‍ വന്ന പോലീസിനു നേരേ ചൂണ്ടുവിരലുയർത്തി ആക്രോശിച്ച വാക്കുകളിൽ അഗ്നിയായിരുന്നു. രണ്ടു ദിവസങ്ങളായി അവർ ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല.
ഇതുമൂലം കഴിഞ്ഞ ദിവസം രഞ്ജിത്തിനു ശ്വാസതടസവും നെഞ്ചുവേദനയുമുണ്ടായി. എന്തുവന്നാലും അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽതന്ന തുടർന്നും ജീവിക്കണമെന്ന തീരുമാനത്തിലാണ് ഇരുവരും.