ഇതാണ് ആ മിടുക്കി! ഗുജറാത്തിലെ രാഹുല്‍ഗാന്ധിയുടെ മുന്നേറ്റത്തിന് കാരണമായത് ഈ തമിഴ് നടിയുടെ ബുദ്ധി; ദിവ്യ സ്പന്ദനയുടെ നേതൃത്വത്തിലുള്ള രാഹുലിന്റെ സോഷ്യല്‍മീഡിയ സെല്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ

ഗുജറാത്തില്‍ നരേന്ദ്ര മോദിയെ വിയര്‍പ്പിക്കുകയും വിറപ്പിക്കുകയും ചെയ്ത രാഹുല്‍ഗാന്ധിയുടെ മുന്നേറ്റത്തിനു പിന്നില്‍ ദിവ്യ സ്പന്ദന എന്ന തമിഴ് നടിയുടെ ബുദ്ധി. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ട്വിറ്ററില്‍ സന്ദേശങ്ങള്‍ ചമക്കാന്‍ രാഹുല്‍ഗാന്ധിക്ക് പരിശീലനം നല്‍കുന്നത് ദിവ്യസ്പന്ദനയാണ്. അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വൈറലായതോടെ ട്വിറ്ററില്‍ രാഹുല്‍ തരംഗമാവുകയായിരുന്നു. അഞ്ചുമാസം മുമ്പാണ് ദിവ്യ കോണ്‍ഗ്രസ്സിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതലയേല്‍ക്കുന്നത്. അന്നേവരെ വളരെ സാവകാശമായിരുന്നു കോണ്‍ഗ്രസ്സിന്റെ സാമൂഹ്യമാധ്യമങ്ങളിലെ അവസ്ഥ. പലരും അതിനെ കുറ്റപ്പെടുത്തി രംഗത്തെത്തുകും ചെയ്തിരുന്നു.

എന്നാല്‍ കുറിക്കുകൊള്ളുന്ന പരാമര്‍ശങ്ങളും, പാര്‍ട്ടിയിലെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതുമായ സന്ദേശങ്ങള്‍ രാഹുലിനെ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വീണ്ടും തരംഗമാക്കുകയായിരുന്നു. ഗുജറാത്ത് പര്യടനത്തിനൊപ്പവും അതിനുശേഷവും രാഹുല്‍ നടത്തിയ ട്വീറ്റുകള്‍ ആളുകള്‍ ഏറ്റെടുത്തു. ട്വീറ്റിന് റിട്വീറ്റുകളായി രാഹുല്‍ഗാന്ധി ട്വിറ്ററില്‍ നിറഞ്ഞുനിന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ ഫോളേവേഴ്സ് പത്തുലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. ‘മോദിജീ, താങ്കള്‍ ഒരിക്കല്‍കൂടി ട്രംപിനെ ആലിംഗനം ചെയ്യൂ’ എന്ന ട്വീറ്റിന് ഇരുപതിനായിരത്തോളം റിട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും പ്രതിച്ഛായ രൂപീകരിക്കുന്നതില്‍ സോഷ്യല്‍മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്.

ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങള്‍ക്ക് രാഹുല്‍ കൊടുത്തുകൊണ്ടിരുന്ന മറുപടിയാണ് രാഹുലിനെ വീണ്ടും ജനപ്രിയനാക്കിയത്. കൃത്യമായ ആസൂത്രണങ്ങളോടെയായിരുന്നു ഈ മറുപടികള്‍. ടീമിന്റെ തലപ്പത്തുള്ളതാകട്ടെ ദിവ്യ സ്പന്ദന എന്ന രമ്യയും. സിനിമാതാരമായിരുന്ന ദിവ്യ മാണ്ഡ്യയില്‍ നിന്നുംവിജയിച്ചാണ് എംപി ആയത്. ഒക്ടോബറിലാണ് ദിവ്യ റോത്തക്കില്‍ നിന്നുള്ള എംപി ദീപേന്ദര്‍ സിംഗ് ഹൂഡയ്ക്ക് പകരം സോഷ്യല്‍മീഡിയ സെല്ലിന്റെ തലപ്പത്ത് എത്തുന്നത്. രാഹുലിന്റെ പ്രത്യേകനിര്‍ദേശപ്രകാരമായിരുന്നു ഈ അധികാരകൈമാറ്റം. പിന്നീട് ലോകം കണ്ടത് ബിജെപി കോണ്‍ഗ്രസുകളുടെ ഡിജിറ്റല്‍ പോരാട്ടമായിരുന്നു. കോണ്‍ഗ്രസിനെ പഴഞ്ചന്‍ എന്ന് തള്ളിക്കളഞ്ഞവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ദിവ്യയുടെ നേതൃത്വത്തിലുള്ള രാഹുലിന്റെ ഡിജിറ്റല്‍ പോരാട്ടം.

 

Related posts