രഞ്ജിത് ജോണ്‍
മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷത്തിനായി മത്സരിക്കുകയാണ് മലപ്പുറത്തെ എംഎൽഎമാരായ പി.കെ.ബഷീറും എ.പി.അനിൽകുമാറും. യുഡിഎഫ് ഭൂരിപക്ഷം കൂടുതലായി പ്രതീക്ഷിക്കുന്നത് പി.കെ.ബഷീർ എംഎൽഎയായ ഏറനാടും എ.പി.അനിൽകുമാർ എംഎൽഎയായ വണ്ടൂരുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ഞെട്ടിക്കാൻ പി.കെ.ബഷീറിനും എ.പി.അനിൽകുമാറിനും കെപിസിസി ഉത്തരവാദിത്വം നൽകിക്കഴിഞ്ഞു. കേൾക്കേണ്ട താമസം മാരത്തണ്‍ പ്രചാരണവുമായാണ് കൂടുതൽവോട്ടർമാരുള്ള വണ്ടൂരിൽ എ.പി.അനിൽ കുമാർ മുന്നേറുന്നത്.
കഴിഞ്ഞതവണ യുഡിഎഫിനെ വിജയിപ്പിക്കാൻ വലിയ പങ്കുവഹിച്ച ഏറനാട്ടിലും പി.കെ.ബഷീർ ആവേശത്തിരയിളക്കിയാണ് രാഹുലിനായി രംഗത്തുള്ളത്. മുസ്ലിം ലീഗിന്റെ ‘ഗ്യാരണ്ടി’ വോട്ടർമാരുള്ള ഏറനാട്ടിൽ യുഡിഎഫ് നേതൃത്വത്തിനു പ്രതീക്ഷയേറെയാണ്. കോണ്‍ഗ്രസ് കുത്തകമണ്ഡലമായ വണ്ടൂരിൽ പാർട്ടിപ്രവർത്തകർക്ക് വോട്ടുക്വാട്ട നിശ്ചയിച്ചും രാഹുൽ ഫാൻസിനെ ഏകോപിപ്പിച്ചും പ്രാദേശികതലത്തിൽ തന്നെ പ്രവർത്തനം പഴുതടച്ചാണ്.
ഏറനാടിനോട് മത്സരിക്കാൻ തയാറുണ്ടോയെന്ന് വണ്ടൂർ എംഎൽഎ എ.പി.അനിൽ കുമാറിനോടു പി.കെ.ബഷീർ എംഎൽഎ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്താണ് ഏറനാട്ടിലെയും വണ്ടൂരിലെയും പ്രവർത്തകർ രംഗത്തുള്ളത്. വലിയ ഒരു ഭൂരിപക്ഷം ജനങ്ങൾ അദ്ദേഹത്തിന് നൽകുമെന്നും അതിനുവേണ്ടി കഠിനപ്രയത്നം നടത്തുമെന്നും മുൻ മന്ത്രി എ.പി.അനിൽകുമാർ വ്യക്തമാക്കിയിരുന്നു.
രാഹുലിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകുന്ന മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎക്ക് താൻ വിലപിടിപ്പുള്ള ഒരു സമ്മാനം നൽകുമെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞതും പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. എ.ഐ.ഷാനവാസിനെ കഴിഞ്ഞതവണ മറ്റെല്ലാ മണ്ഡലങ്ങളും പ്രതീക്ഷിച്ച സഹായം നൽകാതിരുന്നപ്പോൾ വണ്ടൂരും ഏറനാടുമാണ് കൈപിടിച്ചുയർത്തിയത്. 2009ൽ വൻഭൂരിപക്ഷം നേടിയ യുഡിഎഫിനു വണ്ടൂർ നൽകിയ ഭൂരിപക്ഷം 25790 വോട്ടുകളാണ്. ഏറനാട് നൽകിയ ലീഡ് 22105 ആണ്.
2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വണ്ടൂർ മണ്ഡലത്തിൽ നിന്നും 28919 വോട്ടിന്റെയും, ഏറനാട് മണ്ഡലത്തിൽ നിന്നും 11246 വോട്ടിന്റെയും, ഭൂരിപക്ഷം യുഡിഎഫ് നേടി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറനാട് 18838 ഉം വണ്ടൂരിൽ 12267 മായി ഭൂരിപക്ഷം.
2016ൽ യുഡിഎഫ് ഭൂരിപക്ഷം വണ്ടൂരിൽ 23864 വോട്ടിന്റെയും ഏറനാട്ടിൽ 12893 വോട്ടിന്റെയും ലീഡ് യുഡിഎഫ് നേടി. രാഹുൽപ്രഭാവത്തിൽ അതെല്ലാം പഴങ്കഥയായി ചരിത്രഭൂരിപക്ഷം തന്നെ നേടാനാകുമെന്നു മുസ്ലിം ലീഗും കോണ്‍ഗ്രസും ഉറപ്പിക്കുന്നു. നിലവിൽ എൽഡിഎഫ് മണ്ഡലമാണെങ്കിലും യുഡിഎഫിന്റെ കുത്തകയായിരുന്ന നിലന്പൂരും കോണ്‍ഗ്രസിനു മേൽക്കൈയുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 3266 വോട്ടുകൾ ഭൂരിപക്ഷം നൽകിയിരുന്നു.
ആകെയുള്ള 1325788 വോട്ടർമാരിൽ 579083 വോട്ടർമാർ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ നിന്നുള്ളതാണ്. ഏറനാട് 166320, വണ്ടൂർ 210051, നിലന്പൂർ 202712 വോട്ടർമാരുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും സ്ത്രീ വോട്ടർമാരുള്ളതും വണ്ടൂർ മണ്ഡലത്തിലാണ്. 2,10,051 പേരാണ് വണ്ടൂർ മണ്ഡലത്തിൽ വോട്ടർമാരായുള്ളത്. ഇവിടെ 1,06,587 സ്ത്രീ വോട്ടർമാരുമുണ്ട്. കന്നിവോട്ടർമാരിലും പ്രവാസി വോട്ടർമാരിലും യുഡിഎഫിനു പ്രതീക്ഷകളേറെയുണ്ട്. ഏറനാട് മണ്ഡലത്തിലെ ചാലിയാർ, അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറന്പ്, ഉൗർങ്ങാട്ടിരി. കുഴിമണ്ണ,
നിലന്പൂർ മണ്ഡലത്തിലെ അമരന്പലം, ചുങ്കത്തറ, എടക്കര, കരുളായി. മൂത്തേടം, നിലന്പൂർ, പോത്തുകൽ, വഴിക്കടവ്. വണ്ടൂർ മണ്ഡലത്തിലെ ചോക്കോട്, കാളികാവ്, കരുവാരകുണ്ട്, മന്പാട്, പോരൂർ, തിരുവാലി. തുവ്വൂർ, വണ്ടൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മലപ്പുറം ജില്ലയിലെ വയനാട് മണ്ഡലം. പ്രധാനമായും വണ്ടൂരിന്റെയും ഏറനാടിന്റെയും ആത്മവിശ്വസത്തിൽ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം രാഹുലിനായി പച്ചപ്പരവതാനി വിരിച്ചത്.