സ്വന്തം ലേഖകൻ
മട്ടന്നൂർ: കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി കണ്ണൂരിലെത്തി. വയനാട് പോകുന്നതിന് വേണ്ടിയാണ് രാവിലെ 8.30 ഓടെ രാഹുൽ ഗാന്ധി കണ്ണൂരിൽ വിമാനമിറങ്ങിയത്.
ഗോ എയർ വിമാനത്തിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. എകെജി സെന്ററിന് നേരെ അക്രമം നടന്നതിനെ തുടർന്നു കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ മേൽനോട്ടത്തിൽ അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 500 ഓളം പോലീസുകാരെയാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി കണ്ണൂരിൽ വിന്യസിച്ചിരുന്നത്.
വിമാനത്താവളത്തിലും പരിസരങ്ങളിലും രാഹുൽ ഗാന്ധി കടന്നു പോകുന്ന റൂട്ടിലെ ഓരേ സ്റ്റോപ്പിലുമായാണ് പോലീസിനിനെ വിന്യസിച്ചത്.
വിമാനത്താവളത്തിൽ നിന്നു വെള്ളിയാംപറമ്പിലെ റിസോർട്ടിലെത്തി ഒരു മണിക്കൂറോളം വിശ്രമിച്ചാണ് പത്തോടെ വയനാട്ടിലേക്ക് പുറപ്പെട്ടത്.
മട്ടന്നൂർ ടൗൺ, പാലോട്ടുപള്ളി, കളറോഡ് പാലം, പത്തൊൻമ്പതാംമൈൽ, ചാവശേരി, ഉളിയിൽ പുന്നാട്, എം.ജി. കോളജ്, പയഞ്ചേരി മുക്ക് , വിളക്കോട്, കാക്കയങ്ങാട്, പേരാവൂർ, നെടുംപൊയിൽ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ നൂറ് കണക്കിന് പ്രവർത്തകരാണ് തടിച്ചു കൂടിയത്.
മട്ടന്നൂർ – ഇരിട്ടി റോഡ് ജംഗ്ഷനിൽ വാദ്യമേളത്തിന്റ അകമ്പടിയോടെയാണ് യുഡിഎഫ് പ്രവർത്തകർ അഭിവാദ്യങ്ങൾ അർപ്പിച്ചത്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, സജീവ് ജോസഫ്, മാർട്ടിൻ ജോർജ് തുടങ്ങിയവർ രാഹുൽ ഗാന്ധിയെ സ്വീകരിക്കാനെത്തിയിരുന്നു.