എരുമേലി: ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ കരിഓയിൽ ഒഴിച്ച പ്രതിയെക്കുറിച്ച് എരുമേലി പോലീസ് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു.
എരുമേലി സ്വദേശി ആയിരുന്ന പ്രതി നാല് വർഷം മുന്പ് നാടുവിട്ടതാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഹൈക്കോടതി മുറ്റത്ത് ജഡ്ജിയുടെ വാഹനത്തിന് നേരെ കരി ഓയിൽ ഒഴിച്ച് എരുമേലി സ്വദേശി രഘുനാഥൻ നായർ അറസ്റ്റിലായത്.
ഇതേതുടർന്ന് ജില്ലാ പോലീസ് ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം എരുമേലി പോലീസ് ഇയാളെക്കുറിച്ച് വിവര ശേഖരണം നടത്തുകയായിരുന്നു.
എരുമേലി മണിപ്പുഴയിലാണ് പ്രതി രഘുനാഥൻ നായരും ഭാര്യയും രണ്ടു മക്കളും ഉൾപ്പെട്ട കുടുംബം കഴിഞ്ഞിരുന്നത്. രഘുനാഥൻ നായർ നാലു വർഷം മുന്പ് നാടുവിട്ട് പോയെന്നാണ് കുടുംബം അറിയിച്ചതെന്നു പോലീസ് പറഞ്ഞു.
നിരവധി തവണ സമൂഹ മാധ്യമങ്ങളിൽ രഘുനാഥൻ നായർ ജെസ്നയുടെ തിരോധാനം സംബന്ധിച്ച് വിവാദം നിറഞ്ഞ വിവരങ്ങൾ നൽകിയിരുന്നെന്നും പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്ന ജെസ്നയെ മൂന്ന് വർഷം മുന്പാണ് കാണാതായത്.
ഇതിനോടകം വിവിധ തലങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തിൽ നേരിയ പുരോഗതി പോലുമുണ്ടായില്ല. അതേസമയം പോലീസിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്.