ആലുവ: നഗരത്തിൽനിന്ന് തുരുത്തിലേക്കുള്ള റെയിൽവേ നടപ്പാതയുടെ പ്രവേശനപാത കാട് മൂടിയ നിലയിൽ. ആറടിയോളം വളർന്ന കാട്ടുചെടികൾക്കിടയിൽ റെയിൽവേയുടെ ഇരുമ്പ് ഗർഡറുകളും കൊണ്ടിട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ കഷ്ടപ്പെട്ടാണ് കടന്ന് പോകുന്നത്.
ദിനംപ്രതി നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന പാതയാണ്. ആലുവയിലും എറണാകുളത്തും ജോലിയെടുക്കുന്ന നിരവധി സ്ത്രീകളാണ് നിത്യവും ഈ വഴി സഞ്ചരിക്കുന്നത്.
ഇഴജന്തുക്കൾ വിഹരിക്കുന്ന ഇവിടെ തെരുവുവിളക്കുകളില്ലാത്തതിനാൽ കൂരിരുട്ടിലുമാണ്. സന്ധ്യയായാൽ ഇത് വഴി ഒറ്റയ്ക്ക് സഞ്ചരിക്കാൻ പലർക്കും മടിയാണ്. പിടിച്ചുപറിക്കാർക്കും സാമൂഹ്യ വിരുദ്ധർക്കും സ്വൈര്യവിഹാര കേന്ദ്രമായി മാറിയിരിക്കുകയാണിവിടം.
നടപ്പാലം തുടങ്ങുന്നതു മുതൽ ടാറിംഗ് റോഡായിരുന്നു ഏതാനും വർഷം മുമ്പുവരെയുണ്ടായിരുന്നത്. അവിടെ റോഡ് പൂർണമായും അടച്ചാണ് റെയിൽവേയുടെ തുരുമ്പിച്ച ഗർഡറുകൾ 12 അടി പൊക്കത്തിൽ അട്ടിയിട്ടിരിക്കുന്നത്.
തുരുത്ത് റെയിൽവേ നടപ്പാലത്തിലേയ്ക്കുള്ള റോഡ് കാട് വെട്ടിമാറ്റുന്നതിനും, റോഡിൽ അട്ടിയിട്ട ഗർഡറുകൾ നീക്കി സഞ്ചാരയോഗ്യമാക്കുന്നതിനും വൈദ്യുതി വിളക്കുകൾ തെളിയിക്കുന്നതിനും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
ഗ്രാമവേദിയുടെ നേതൃത്വത്തിൽ റെയിൽവേയ്ക്കും മുനിസിപ്പാലിറ്റിയ്ക്കും പരാതി നൽകി.