ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുള്ളാഹിയാൻ തുടങ്ങിയവരുടെ സംസ്കാരം നാളെ നടക്കും. സംസ്കാര ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. ഇന്നു ടെഹ്റാൻ സർവകലാശാലയിൽ നടക്കുന്ന ചടങ്ങുകൾക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേതൃത്വം നൽകും.
വിവിധ രാജ്യങ്ങളിൽ നിന്നുമെത്തുന്ന രാഷ്ട്രനേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെ സദാബാദ് കോംപ്ലക്സിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
നാളെ ദക്ഷിണ ഖുറാസാൻ പ്രവിശ്യയിലെ ബിർജണ്ടിൽ എത്തിക്കുന്ന മൃതദേഹം റെയ്സിയുടെ ജന്മസ്ഥലമായ മഷ്ഹദിൽ സംസ്കരിക്കും. ഇമാം റേസയുടെ തീർഥാടന കേന്ദ്രത്തിലായിരിക്കും റെയ്സിയെ ഖബറടക്കുക. ഇറാനിൽ അഞ്ചു ദിവസത്തെ ദുഃഖാചരണം നടക്കുന്നു.
ഇന്നു പൊതു അവധിയാണ്. ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആദരസൂചകമായി രാഷ്ട്രപതി ഭവനുൾപ്പെടെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചനം അറിയിച്ചു.