കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി.
പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ഓപ്പറേഷന് ഗുവാപ്പോ എന്ന പേരില്‍ സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജന്‍സും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് (ഇ.ഡി) പരിശോധന നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 35ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടന്നതായാണ് ലഭ്യമാകുന്ന വിവരം. കൊച്ചിയില്‍ 23 സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
രജിസ്ട്രേഷന് ഇല്ലാതെയും വരുമാനം കുറച്ച് കാണിച്ചുമാണ് പലസ്ഥാപനങ്ങളും നികുതി വെട്ടിപ്പ് നടത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ മൊഴിയും രേഖപ്പെടുത്തി. സ്ഥാപനങ്ങള്‍ക്ക് പുറമേ വീടുകളിലും പരിശോധന നടന്നു.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വ്യാപകമായി നികുതി വെട്ടിക്കുന്നതായി ജിഎസ്ടി വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടത്തിയതിന് ശേഷമായിരുന്നു വ്യാപക പരിശോധന. നികുതിവെട്ടിപ്പ് പിടികൂടിയതോടെ പലരും നികുതിയടയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.