കണ്ണൂർ: കതിരൂർ വേറ്റുമ്മലിലെ ഗോഡൗണിൽനിന്നും 1200 ലിറ്റർ വ്യാജ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കാൻ തീരുമാനം. നിരോധിച്ച കേരമൗണ്ട്, കേരവൃക്ഷ, കൊക്കോ മേന്മ, കേരള കൂൾ എന്നീ പേരുകളിലുള്ള വെളിച്ചെണ്ണ മാർക്കറ്റിൽ വ്യാപകമാകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ ഭക്ഷ്യവസ്തുക്കളും പരിശോധിക്കുന്നുണ്ട്.
വിവിധ പേരുകളിലുള്ള വെളിച്ചെണ്ണയിൽ വലിയ അളവിൽ മായം കലർത്തിയുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇത്തരം വെളിച്ചെണ്ണകൾ നിരന്തരം ഉപയോഗിക്കുന്നത് കാരണം കാൻസർ പോലുള്ള മാരകരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. നിരോധിച്ച വെളിച്ചെണ്ണയുടെ വില്പന ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാകുന്നതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റൻഡ് കമ്മീഷണർ ടി. അജിത്ത്കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി, കൂട്ടുപുഴ ഭാഗത്തു പരിശോധനയ്ക്കിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ റെയ്ഡ് നടത്താൻ തീരുമാനിച്ചത്. കൂട്ടുപുഴയിൽ നിന്നും 30 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തു.
ഒന്നിച്ചു വാങ്ങുന്പോൾ നൂറു രൂപയ്ക്ക് വരെ വ്യാജ വെളിച്ചെണ്ണ കിട്ടുമെന്നതിനാൽ ചില ഹോട്ടലുകളിൽ ഇവ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പിടികൂടിയ 1200 ലിറ്റർ വെളിച്ചെണ്ണ ഒഴുക്കി കളഞ്ഞു.