ചാരുംമൂട്: വള്ളികുന്നം കടുവിനാലിൽ വാറ്റ് നിർമ്മാണ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ എക്സൈസ് നടത്തിയ റെയ്ഡിൽ 1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
വള്ളികുന്നം പെയ്ച്ചിറ ചാലിന്റെ പടിഞ്ഞാറേ തുരുത്തിയിൽ കാടുപിടിച്ചു കിടന്ന സ്ഥലത്താണ് അനധികൃത വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നു പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു റെയ്ഡ്.
പ്രതികൾ രക്ഷപ്പെട്ടു. 35 ലിറ്ററിന്റെ 38 കന്നാസുകളിലായിട്ടാണ് കോട കണ്ടെത്തിയത്. വാറ്റുപകരണങ്ങൾക്കൊപ്പം മാരകായുധങ്ങളും കണ്ടെത്തിയതായി റെയ്ഡിന് നേതൃത്വം നൽകിയ നൂറനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ പറഞ്ഞു.
ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ, അശോകൻ അനൂപ്, ശ്യാം, രാജീവ്, സിനിലാൽ,താജുദീൻ, ഡൈവർ സന്ദീപ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വെള്ളക്കെട്ട് നിറഞ്ഞ സ്ഥലമായതിനാൽ റെയ്ഡ് നടത്തിയത് വളരെ ദുഷ്ക്കരമായിട്ടാണന്നും പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും നൂറനാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ പറഞ്ഞു.