കണ്ണൂർ: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയ്ഡ്കോ കറിപൗഡറുകളിൽ മാരകവിഷം കലർന്നിട്ടുണ്ടെന്ന വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കക്കാട് ബി.പി. ഹൗസിലെ മുഹമ്മദ് കുഞ്ഞിയെ (60) യാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.
റെയ്ഡ്കോയുടെ ഉത്പന്നങ്ങളായ മുളകുപൊടി, മഞ്ഞൾപൊടി, സാന്പാർപൊടി തുടങ്ങിയ കറി പൗഡറുകളിൽ മാരകവിഷം കലർന്നിട്ടുണ്ടെന്നും ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും കാണിച്ച് കക്കാട് പ്രതികരണവേദിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയത്.
പോലീസ് ആക്ട് പ്രകാരം പൊതുജനങ്ങൾക്ക് ഭീതിയുണ്ടാകുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അസത്യപ്രചാരണങ്ങൾ നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.