കണ്ണൂർ: മാവിലായിയിൽ റെയ്ഡ്കോ കേരള ലിമിറ്റഡിന്റെ നവീകരിച്ച കറിപൗഡർ ഫാക്ടറിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 2000 ത്തിലാണ് റെയ്ഡ്കോ കറിപൗഡർ ഫാക്ടറി ആരംഭിച്ചത്. മായം കലരാത്ത കറി പൗഡറുകൾ ഉപയോക്താക്കൾക്കു ലഭ്യമാക്കുന്നതിനാണ് 10 കോടി രൂപ ചെലവിൽ ഫാക്ടറി നവീകരിച്ചിരിക്കുന്നത്. പ്രതിദിനം 30 ടൺ ഉത്പാദനശേഷി ഫാക്ടറിക്കുണ്ട്.
ഞെട്ടു കളഞ്ഞ മുളക് ഉപയോഗിച്ചുള്ള മുളകുപൊടി, കഴുകി വറുത്ത മല്ലി പൊടിച്ചുണ്ടാക്കിയ മല്ലിപ്പൊടി, ഉന്നതനിലവാരമുള്ള രാജാപൂരി മഞ്ഞൾപ്പൊടി എന്നീ ഉത്പന്നങ്ങൾക്കു പുറമെ ആട്ട, റവ, അരിപ്പൊടി, അപ്പപ്പൊടി തുടങ്ങിയവയും റെയ്ഡ്കോ വിപണിയിലെത്തിക്കുന്നുണ്ട്.
സ്പൈസസ് ബോർഡിന്റെ സഹായത്തോടെ കറിപൗഡർ ഫാക്ടറിയിൽ രണ്ടുകോടി രൂപ ചെലവിൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയും ആരംഭിക്കുമെന്ന് ചെയർമാൻ വത്സലൻ പനോളി പത്രസമ്മേളനത്തിൽ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ സി.പി.മനോജ് കുമാർ, ഡയറക്ടർ എൻ.ശ്രീധരൻ, സ്വാഗതസംഘം കൺവീനർ കെ.വി.ബാലൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.